സംവരണം: 2015ലെ ജാതി സെൻസസ് അടിസ്ഥാനമാക്കാൻ കർണാടക
text_fieldsബംഗളൂരു: സംവരണത്തിലടക്കം സംസ്ഥാനത്തെ വിവിധ ജാതികൾക്ക് ജനസംഖ്യാനുപാതിക പ്രാതിനിധ്യം നൽകാനായി കർണാടക സർക്കാർ 2015ലെ ജാതി സെൻസസ് അടിസ്ഥാനമാക്കുന്നു. ജാതി അടിസ്ഥാനത്തിലുള്ള സെൻസസ് വേണമെന്ന് രാജ്യത്തെ ജെ.ഡി.യു, ആർ.ജെ.ഡി, എസ്.പി, ഡി.എം.കെ, എൻ.സി.പി, ബി.ജെ.ഡി തുടങ്ങിയ പ്രധാനകക്ഷികൾ നിരന്തരമായി ആവശ്യപ്പെടുന്നതിനിടയിലാണിത്.
2015ൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് 162 കോടി രൂപ ചെലവഴിച്ച് പിന്നാക്കക്ഷേമ കമീഷന്റെ നേതൃത്വത്തിൽ വിവിധ ജാതികളുടെ സാമൂഹിക-സാമ്പത്തിക സെൻസസ് നടത്തിയത്. എന്നാൽ, സെൻസസ് വിവരങ്ങൾ പൂർണരൂപത്തിൽ ഇതുവരെ പൊതുമധ്യത്തിൽ ലഭ്യമായിട്ടില്ല. 2018 തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പേ റിപ്പോർട്ടിലെ വിവരങ്ങൾ ചോർന്നിരുന്നു. ഇതനുസരിച്ച് 19 ശതമാനമുള്ള പട്ടികജാതിക്കാരാണ് (എസ്.സി) സംസ്ഥാനത്ത് ഏറ്റവും വലുത്.
16 ശതമാനം വരുന്ന മുസ്ലിംകളാണ് രണ്ടാമത്. ലിംഗായത്തുകളാകട്ടെ ആകെ ജനസംഖ്യയുടെ 14 ശതമാനവും വൊക്കലിഗർ 11 ശതമാനവുമാണ്. എന്നാൽ, വിവരങ്ങൾ പുറത്തുവന്നതോടെ ഈ രണ്ട് വിഭാഗങ്ങളും ശക്തമായി എതിർത്തു. തങ്ങൾ ജനസംഖ്യയുടെ 20 ശതമാനമുണ്ടെന്ന് ലിംഗായത്തുകളും 17 ശതമാനമുണ്ടെന്ന് വൊക്കലിഗരും അവകാശപ്പെടുന്നു.
ഈ രണ്ട് സമുദായങ്ങളാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതലുള്ളതെന്നാണ് പൊതുവിൽ അറിയപ്പെടുന്നത്. എന്നാൽ, ഇത് തെറ്റാണെന്നാണ് ജാതിസെൻസസ് തെളിയിക്കുന്നത്. 2011ലെ പൊതുസെൻസസ് പ്രകാരം 16 ശതമാനമുള്ള എസ്.സിയും 13 ശതമാനമുള്ള മുസ്ലിംകളും ആണ് സംസ്ഥാനത്തെ ജനസംഖ്യയിൽ ഒന്നും രണ്ടും സ്ഥാനത്തുള്ളത്.
ഇത്തരത്തിൽ ഒരു സംസ്ഥാനം നടത്തിയ ആദ്യ ജാതിസെൻസസാണ് കർണാടകയുടേത്. 2013 മുതൽ 2017 വരെ ഭരിച്ച സിദ്ധരാമയ്യക്കുശേഷം വന്ന സർക്കാറുകളൊന്നും ജാതിസെൻസസ് പരിഗണിച്ചില്ല. സാമ്പത്തികമായും മറ്റും പ്രബലരായ വൊക്കലിഗരുടെയും ലിംഗായത്തുകളുടെയും എതിർപ്പായിരുന്നു പ്രധാന കാരണം. ബി.ജെ.പിയും ശക്തമായി എതിർക്കുന്നു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മുസ്ലിംകളുടെ നാല് ശതമാനം ഒ.ബി.സി സംവരണം റദ്ദാക്കിയ ബി.ജെ.പി സർക്കാർ രണ്ട് ശതമാനം വീതം വൊക്കലിഗർക്കും ലിംഗായത്തുകൾക്കും വീതിച്ചു നൽകിയിരുന്നു. ഇത് പിൻവലിക്കുമെന്നത് കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു.
കഴിഞ്ഞ ദിവസം, തന്നെ സന്ദർശിച്ച പിന്നാക്കജാതി നേതാക്കളോടാണ് ജാതിസെൻസസ് പരിഗണിക്കുന്ന കാര്യം മുഖ്യമന്ത്രി സിദ്ധരാമയ്യ വെളിപ്പെടുത്തിയത്. സർക്കാർ ആനുകൂല്യങ്ങൾ സംവരണ തോതും ജനസംഖ്യാനുപാതികമായി ഓരോ ജാതികൾക്കും സമുദായങ്ങൾക്കും കൃത്യമായി ലഭ്യമാക്കാൻ ജാതി സെൻസസ് മൂലം കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, റിപ്പോർട്ട് എന്ന് പുറത്തുവിടുമെന്ന കാര്യം അദ്ദേഹം പറഞ്ഞില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.