സംവരണം: മോദിയുടെ വാദങ്ങളും വസ്തുതയും
text_fieldsന്യൂഡൽഹി: രാജസ്ഥാനിലെ ടോങ്കിൽ പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണമായിരുന്നു കോൺഗ്രസ് ആന്ധ്രയിൽ പട്ടികജാതി/വർഗക്കാരുടെ സംവരണം വെട്ടിക്കുറച്ച് മുസ്ലിംകൾക്ക് നൽകിയെന്നത്. 2004നും 2010നുമിടയിൽ സംസ്ഥാനത്ത് നാലു തവണയാണ് മുസ്ലിം സംവരണം നടപ്പാക്കാൻ ശ്രമം നടത്തിയത്.
പക്ഷേ, നിയമതടസ്സങ്ങളും സുപ്രീംകോടതിയും കാരണം ആഗ്രഹം നടപ്പാക്കാനായില്ല. 2011ൽ രാജ്യത്തുടനീളം അത് നടപ്പാക്കാനായി ശ്രമം. ദലിതുകളുടെയും പിന്നാക്ക ഗോത്രങ്ങളുടെയും സംവരണം മുറിച്ചെടുത്ത് മുസ്ലിംകൾക്ക് നൽകുമോ എന്ന് ഞാൻ കോൺഗ്രസിനോട് ചോദിക്കുകയാണെന്നും മോദി പറഞ്ഞു.
എന്നാൽ, വസ്തുത ഇതാണ്. 1993-1994ൽ കോട്ല വിജയഭാസ്കർ റെഡ്ഡി നേതൃത്വം നൽകിയ കോൺഗ്രസ് സർക്കാർ ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം സ്ഥാപിച്ചപ്പോൾ മുസ്ലിം സംവരണം മുന്നോട്ടുവെച്ചു. 1994 ആഗസ്റ്റിൽ മുസ്ലിംകളിലെ 14 പിന്നാക്ക വിഭാഗങ്ങൾക്കായി സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അഞ്ചു ശതമാനം സംവരണം പ്രഖ്യാപിച്ചു. 1994ലും 1999ലും കോൺഗ്രസ് തോറ്റതോടെ നടപ്പാക്കാനായില്ല.
2004ൽ അഞ്ചു ശതമാനം മുസ്ലിം സംവരണം തെരഞ്ഞെടുപ്പ് വാഗ്ദാനമായി മുന്നോട്ടുവെച്ചു. വൈ.എസ്. രാജശേഖർ റെഡ്ഡിയുടെ നേതൃത്വത്തിൽ കോൺഗ്രസ് അധികാരമേറിയപ്പോൾ രണ്ടു മാസത്തിനകം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചു. അധികാരത്തിലെത്തിയ യു.പി.എ സർക്കാർ ഇതിന് പൂർണ പിന്തുണയും ഉറപ്പുനൽകി. എന്നാൽ, നിരവധി പേർ ഇതിനെതിരെ ഹൈകോടതിയിലെത്തി. സംവരണം 50 ശതമാനമെന്ന പരിധി കടക്കുമെന്നതിനാൽ നാലു ശതമാനമാക്കി ചുരുക്കണമെന്നായിരുന്നു ആവശ്യം.
സമുദായത്തിൽ തീരെ പിന്നാക്കമെന്ന് പിന്നാക്ക കമീഷൻ കണ്ടെത്തിയ 14 വിഭാഗങ്ങൾക്കായിരുന്നു നാലു ശതമാനം സംവരണം. മറ്റു വിഭാഗങ്ങളുടെ സംവരണം വെട്ടിക്കുറക്കാതെയുമായിരുന്നു നടപടി. എന്നിട്ടും, മതത്തിന്റെ പേരിൽ സംവരണമെന്നുപറഞ്ഞ് തെലുഗുദേശം പാർട്ടി ഇതിനെ എതിർത്തു. പൊതുതാൽപര്യ ഹരജി പരിഗണിച്ച് 2010 മാർച്ച് 25ന് സുപ്രീംകോടതി നീക്കം സ്റ്റേ ചെയ്തു.
2009ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുസ്ലിംകൾക്ക് ജോലിയിലും വിദ്യാഭ്യാസത്തിലും രാജ്യവ്യാപക സംവരണം വാഗ്ദാനം ചെയ്തു. 27 ശതമാനം ഒ.ബി.സി സംവരണത്തിൽ ഉപവിഭാഗം സൃഷ്ടിച്ചായിരുന്നു ഈ നീക്കം.
2004ൽ യു.പി.എ സർക്കാർ മത, ഭാഷാ ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിന് നടപടികൾ നിർദേശിക്കാനായി രംഗനാഥ് മിശ്ര സമിതിയെ വെച്ചു. സർക്കാർ തൊഴിലുകളിൽ മുസ്ലിംകൾക്ക് 10 ശതമാനവും ഇതര ന്യൂനപക്ഷങ്ങൾക്ക് അഞ്ചു ശതമാനവുമായിരുന്നു നിർദേശം. ഒ.ബി.സി സംവരണത്തിൽ ഉപവിഭാഗം സൃഷ്ടിച്ചാകണം നടപടിയെന്നും ആവശ്യപ്പെട്ടു.
യു.പി.എ സർക്കാർ അധികാരത്തിലെത്തി രണ്ടുവർഷം കഴിഞ്ഞ് 2011ൽ ന്യൂനപക്ഷ മന്ത്രാലയം, മിശ്ര പാനൽ നിർദേശങ്ങൾ പ്രകാരം ആറു ശതമാനം മുസ്ലിംകൾക്കുൾപ്പെടെ ഒ.ബി.സി ക്വോട്ടയിൽ 8.4 ശതമാനം ഉപ ക്വോട്ട നിർദേശിച്ചു. ഇത് പിന്നീട് മണ്ഡൽ കമീഷൻ പ്രകാരം 4.5 ശതമാനമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.