ജാതിരഹിത സമൂഹത്തിന് സംവരണം ഇല്ലാതാക്കണം -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: സംവരണം എന്ന സമ്പ്രദായം തന്നെ ഇല്ലാതാക്കിയാൽ അത് സമത്വാധിഷ്ഠിതമായ ജാതിരഹിത വർഗരഹിത സമൂഹത്തിലേക്കുള്ള ചുവടുവെപ്പായിരിക്കുമെന്ന് മുന്നാക്ക സംവരണം ശരിവെച്ച സുപ്രീംകോടതി ജഡ്ജിമാർ. ജാതിരഹിത സമൂഹത്തിന് സംവരണം പുനഃപരിശോധിക്കണമെന്ന് ഈ ജഡ്ജിമാർ തങ്ങളുടെ വിധിപ്രസ്താവനകളിൽ വ്യക്തമാക്കി.
കാലങ്ങളായി ഇന്ത്യയിൽ നിലനിൽക്കുന്ന ജാതിവ്യവസ്ഥയാണ് സംവരണ സമ്പ്രദായത്തിന് ഉത്തരവാദി എന്നുപറയാനാവില്ലെന്ന് ജസ്റ്റിസ് ബേല ത്രിവേദി പറഞ്ഞു. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളും മറ്റു പിന്നാക്ക വിഭാഗങ്ങളും അഭിമുഖീകരിച്ച ചരിത്രപരമായ അനീതി നേരിടാനുണ്ടാക്കിയതാണ്. ആംഗ്ലോ ഇന്ത്യൻ സമൂഹത്തിന് പാർലമെന്റിലും നിയമസഭകളിലുമുള്ള സംവരണം ഭരണഘടനയുടെ 104ാം ഭേദഗതിയിലൂടെ നിർത്തലാക്കിയതുപോലെ പട്ടികജാതി, പട്ടികവർഗ, മറ്റു പിന്നാക്ക വിഭാഗങ്ങൾക്കും ഒരു സമയപരിധി വെച്ചാൽ സമത്വാധിഷ്ഠിതമായ ജാതിരഹിത വർഗരഹിത സമൂഹത്തിലേക്കുള്ള ചുവടുവെപ്പായിരിക്കും അതെന്നും ജസ്റ്റിസ് ബേല ത്രിവേദി വ്യക്തമാക്കി.സംവരണം ഒരു സ്ഥാപിത താൽപര്യമായി മാറുന്ന തരത്തിൽ അനിശ്ചിതമായി തുടരരുതെന്ന് സർക്കാർ നിലപാടിനെ ശരിവെച്ച ജസ്റ്റിസ് പാർഡിവാല വ്യക്തമാക്കി. സംവരണം ലക്ഷ്യമല്ല. സാമൂഹിക സാമ്പത്തിക നീതിക്കായുള്ള മാർഗമാണ്. ഒരിക്കൽ മുന്നോട്ടുപോയവരെ സംവരണത്തിൽനിന്ന് പുറന്തള്ളണമെന്നും എങ്കിൽ മാത്രമേ ആവശ്യക്കാരെ സഹായിക്കാനാകൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പിന്നാക്ക വിഭാഗങ്ങളെ നിർണയിക്കുന്ന രീതികൾ പുനഃപരിശോധിച്ച് ഇന്നത്തെ കാലത്തിന് അനുസൃതമായ രീതികൾ ആവിഷ്കരിക്കണമെന്നും പാർഡിവാല കൂട്ടിച്ചേർത്തു. ദുർബല വിഭാഗങ്ങളുടെ സാമൂഹിക, വിദ്യാഭ്യാസ പിന്നാക്കാവസ്ഥക്കുള്ള കാരണങ്ങൾ ഇല്ലാതാക്കുകയാണ് യഥാർഥ പരിഹാരം. ആ കാരണങ്ങൾ ഇല്ലാതാക്കാനുള്ള പ്രക്രിയ സ്വാതന്ത്ര്യലബ്ധി തൊട്ട് തുടങ്ങിയതാണ്. ഏഴരപ്പതിറ്റാണ്ട് കഴിഞ്ഞിട്ടും ഇന്നും അത് തുടരുകയാണ്. സാമൂഹിക സംവരണത്തിനായി സംവരണം കൊണ്ടുവന്നത് 10 വർഷത്തേക്കാണെന്നാണ് ഡോ. ബി.ആർ. അംബേദ്കർ പറഞ്ഞത്. എന്നാൽ, ഏഴ് ദശകത്തിലേറെ അത് നീണ്ടുവെന്നും ജസ്റ്റിസ് പാർഡിവാല വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.