സംവരണക്കാർക്ക് ജനറൽ ക്വോട്ടയിലും പ്രവേശനം നൽകണം
text_fieldsന്യൂഡൽഹി: പട്ടികജാതി, പട്ടികവർഗ, പിന്നാക്ക സംവരണ വിഭാഗങ്ങളിൽപ്പെടുന്ന യോഗ്യരായ വിദ്യാർഥികൾക്ക് മെറിറ്റിൽ ജനറൽ കാറ്റഗറിയിൽ പ്രവേശനം നൽകണമെന്ന് സുപ്രീംകോടതി. മധ്യപ്രദേശിൽ സംവരണ വിഭാഗക്കാരനായ വിദ്യാർഥിക്ക് ജനറൽ കാറ്റഗറിയിൽ എം.ബി.ബി.എസ് പ്രവേശനം നിഷേധിച്ച നടപടി റദ്ദാക്കിയാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി. കഴിഞ്ഞവർഷത്തെ പ്രവേശനത്തിൽ നിയമവിരുദ്ധ നടപടി ശരിവെച്ച മധ്യപ്രദേശ് ഹൈകോടതി വിധി റദ്ദാക്കിയ സുപ്രീംകോടതി, ഒ.ബി.സി വിഭാഗക്കാരനായ രാം നരേഷ് എന്ന റിങ്കു കുഷ്വാഹക്ക് 2024 -25 അക്കാദമിക് വർഷം ജനറൽ കാറ്റഗറിയിൽ എം.ബി.ബി.എസ് പ്രവേശനം നൽകാനും നിർദേശം നൽകി.
എം.ബി.ബി.എസ് പ്രവേശനത്തിൽ ജനറൽ കാറ്റഗറി വിഭാഗക്കാർക്കായി മാറ്റിവെച്ച അഞ്ച് ശതമാനം സീറ്റിൽ സർക്കാർ സ്കൂളുകളിൽ പഠിച്ച് മെറിറ്റിൽ യോഗ്യതയുള്ള ഒ.ബി.സി വിദ്യാർഥിക്ക് നൽകില്ലെന്നായിരുന്നു മധ്യപ്രദേശ് മെഡിക്കൽ ഡിപ്പാർട്മെന്റിന്റെ നിലപാട്. ഇത് ചോദ്യംചെയ്ത് ഹൈകോടതിയെ സമീപിച്ചെങ്കിലും ഹരജി തള്ളുകയായിരുന്നു.
പട്ടികജാതി, പട്ടികവർഗ, പിന്നാക്ക സംവരണ വിഭാഗങ്ങളിൽപ്പെടുന്ന വിദ്യാർഥികൾക്ക് സംവരണമില്ലാത്ത ജനറൽ വിഭാഗക്കാർക്കുള്ള ക്വോട്ടയിൽ അവരുടെ മെറിറ്റ് നോക്കി പ്രവേശനം നൽകണമെന്നത് സുപ്രീംകോടതി വിധികളാൽ സ്ഥാപിതമായ നിയമമാണെന്ന് ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.കെ. വിശ്വനാഥൻ എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. സംവരണ വിഭാക്കാരനായ ഒരു അപേക്ഷാർഥിക്ക് മെറിറ്റ് പ്രകാരമുള്ള യോഗ്യത മാർക്കുണ്ടെങ്കിൽ ജനറൽ കാറ്റഗറിയിൽ സീറ്റ് നൽകണമെന്ന് മാത്രമല്ല, അങ്ങനെയുള്ളയാളെ സംവരണ ക്വോട്ടയിൽ പ്രവേശനം നേടിയ ആളായി എണ്ണരുതെന്നും ബെഞ്ച് ഓർമിപ്പിച്ചു.
ജനറൽ കാറ്റഗറിയിൽ പ്രവേശനം നേടിയവരേക്കാൾ ഉയർന്ന മാർക്ക് നേടിയിട്ടും സംവരണ വിഭാഗക്കാരനായ ഹരജിക്കാരന് എം.ബി.ബി.എസ് പ്രവേശനം നിഷേധിച്ചെന്ന് ജസ്റ്റിസ് ബി.ആർ. ഗവായ് എഴുതിയ വിധിപ്രസ്താവത്തിൽ ചൂണ്ടിക്കാട്ടി. ജനറൽ വിഭാഗക്കാർക്ക് നിശ്ചയിച്ച കട്ട് ഓഫ് മാർക്ക് പട്ടികജാതി, പട്ടികവർഗ, പിന്നാക്ക സംവരണ വിഭാഗക്കാർക്കുള്ള കട്ട് ഓഫ് മാർക്കിനേക്കാൾ കുറവാണ്. അതിനാൽ, ഒ.ബി.സി വിഭാഗക്കാരന് പ്രവേശനം നിഷേധിച്ചത് നിയമവിരുദ്ധവും യുക്തിവിരുദ്ധവുമാണ്.
ജനറൽ വിഭാഗത്തിലെയും സംവരണ വിഭാഗത്തിലെയും സീറ്റ് വിതരണത്തിൽ വരുത്തിയ പിഴവാണ് സീറ്റ് നിഷേധത്തിന് കാരണം. ഇതുമൂലം സംവരണ വിഭാഗക്കാരനേക്കാൾ കുറഞ്ഞ മാർക്കുള്ള നിരവധിപേർക്ക് സംവരണമില്ലാത്ത ജനറൽ വിഭാഗത്തിൽ എം.ബി.ബി.എസ് പ്രവേശനം ലഭിക്കുകയും ചെയ്തു. സൗരവ് യാദവ് കേസിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിക്ക് വിരുദ്ധമാണ് ഈ നടപടിയെന്നും സംവരണ വിഭാഗക്കാരനായ യോഗ്യതയുള്ള ഒരു വിദ്യാർഥിയെ ജനറൽ വിഭാഗത്തിൽ പ്രവേശിപ്പിക്കാതിരുന്നത് നിയമപരമായി നിലനിൽക്കില്ലെന്നും ജസ്റ്റിസ് ഗവായ് വിധിയിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.