റിസർവ് ബാങ്കിനും ബോംബ് ഭീഷണി; സന്ദേശമെത്തിയത് റഷ്യൻ ഭാഷയിൽ
text_fieldsന്യൂഡൽഹി: രാജ്യത്തിന്റെ കേന്ദ്രബാങ്കായ റിസർവ് ബാങ്കിനും ബോംബ് ഭീഷണി. ഗവർണറുടെ മെയിൽ ഐ.ഡിയിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. റഷ്യൻ ഭാഷയിലുള്ളതാണ് ഭീഷണി സന്ദേശം.
ഭീഷണി സന്ദേശമയച്ചയാൾക്കെതിരെ മുംബൈ പൊലീസ് കേസെടുത്തിട്ടുണ്ട്. ഭാരതീയ ന്യായ് സൻഹിതയിലെ വകുപ്പുകൾ പ്രകാരമാണ് കേസ്. സംഭവത്തിൽ അന്വേഷണവും പൊലീസ് ആരംഭിച്ചിട്ടുണ്ട്. ബാങ്ക് തകർക്കുമെന്ന സന്ദേശമാണ് മുംബൈ പൊലീസിന് ലഭിച്ചതെന്ന് മുംബൈ പൊലീസ് വ്യക്തമാക്കി.
അതേസമയം, ഡൽഹിയിൽ സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി ലഭിച്ചു. മൂന്നു സ്കൂളുകൾക്കാണ് വീണ്ടും ബോംബ് ഭീഷണി ലഭിച്ചത്. ഈസ്റ്റ് കൈലാശിലെ ഡൽഹി പബ്ലിക് സ്കൂൾ, മയൂർവിഹാറിലെ സൽവാൻ പബ്ലിക് സ്കൂൾ, കേംബ്രിഡ്ജ് സ്കൂൾ എന്നിവക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്.
രാവിലെ നാലരയോടെ ഫോണിലൂടെയും ഇമെയ്ൽ വഴിയുമാണ് ഭീഷണി സന്ദേശം അയച്ചതെന്ന് ഡൽഹി പൊലീസ് അറിയിച്ചു. പൊലീസ്, അഗ്നിശമനസേന ഉദ്യോഗസ്ഥരും ബോംബ് ഡിറ്റക്ഷൻ ടീമുകളും ഡോഗ് സ്ക്വാഡുകളും സ്കൂളുകളിൽ എത്തിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഡൽഹി പൊലീസ് നിർദേശം നൽകി.
ഡിസംബർ ഒമ്പതിന് സമാനരീതിയിൽ ഡൽഹിയിലെ സ്കൂളുകൾക്ക് ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഡൽഹിയിലെ 40 സ്‌കൂളുകൾക്ക് 30,000 ഡോളർ ആവശ്യപ്പെട്ടാണ് ഭീഷണി സന്ദേശം ലഭിച്ചത്. നഗരത്തിലെ പ്രമുഖ സ്‌കൂളുകളിലേക്കാണ് ഒറ്റ ഇ-മെയിലിൽ ഭീഷണി സന്ദേശം അയച്ചത്. ഡി.പി.എസ് ആർ.കെ പുരം ജി.ഡി ഗോയങ്ക സ്കൂൾ, പശ്ചിമ വിഹാറിലെ ബ്രിട്ടീഷ് സ്കൂൾ, ചാണക്യ പുരിയിലെ ദ മദേഴ്‌സ് ഇന്‍റർനാഷണൽ, അരബിന്ദോ മാർഗിലെ മോഡേൺ സ്കൂൾ, ഡൽഹി പൊലീസ് പബ്ലിക് സ്കൂൾ തുടങ്ങിയവ ഇതിൽപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.