അഡ്മിനിസ്ട്രേറ്റർക്കെതിരെ ലക്ഷദ്വീപ് നിവാസികൾ രാഷ്ട്രപതിക്ക് ഭീമഹരജി നൽകും
text_fieldsകൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കോദാഭായ് പട്ടേലിന്‍റെ ജനദ്രോഹ നടപടികൾക്കെതിരെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഭീമഹരജി നൽകാൻ ദ്വീപ് നിവാസികളുടെ തീരുമാനം. ഇതിന്‍റെ ഭാഗമായുള്ള ഒപ്പുശേഖരണം ദ്വീപിൽ ആരംഭിച്ചതായി റിപ്പോർട്ട്.
എൻ.എസ്.യു.ഐ അടക്കമുള്ള വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ വലിയ കാമ്പയിനാണ് ദ്വീപിൽ നടക്കുന്നത്. അഡ്മിനിസ്ട്രേറ്റർക്കെതിരെ എൻ.എസ്.യു.ഐ രാഷ്ട്രപതിക്ക് കൂട്ട ഇമെയിൽ അയക്കുകയും ചെയ്തു. ഇവരെ കൂടാതെ, ലക്ഷദ്വീപ് സ്റ്റുഡൻസ് അസോസിയേഷൻ അടക്കമുള്ള വിദ്യാർഥി സംഘടനകളും പ്രതിഷേധ പരിപാടികളിൽ സജീവമാണ്.
ദ്വീപ് നിവാസികളുടെ ആശങ്കയും പ്രതിഷേധവും കേന്ദ്ര സർക്കാറിനെ അറിയിക്കാൻ എം.പി. മുഹമ്മദ് ഫൈസൽ ഇന്ന് ഡൽഹിക്ക് പോകും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി എം.പി. കൂടിക്കാഴ്ച നടത്തും.
അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കോദാഭായ് പട്ടേലിന്‍റെ ജനദ്രോഹ നടപടികളിലും ബി.ജെ.പി കേരള നേതാക്കളുടെ തീവ്രവാദി പരാമർശത്തിലും പ്രതിഷേധിച്ച് ലക്ഷദ്വീപ് ബി.ജെ.പിയിൽ രാജിവെക്കുന്നവരുടെ എണ്ണം ഉയരുകയാണ്. ഇന്നലെ നേതാക്കളടക്കം എട്ടോളം പേർ രാജിവെച്ചു.
സാമൂഹിക പ്രവർത്തക അഡ്വ. ടി.കെ. ആറ്റബിയാണ് ബി.ജെ.പി അംഗത്വം രാജിവെച്ച അവസാനത്തെ ആൾ. ദ്വീപ് ജനത തീവ്രവാദികളെന്ന ബി.ജെ.പി കേരളാ നേതൃത്വത്തിന്‍റെ പ്രസ്താവന തെറ്റാണെന്ന് അഡ്വ. ആറ്റബി പറഞ്ഞു. ഇതിനെതിരെ ലക്ഷദ്വീപ് ബി.ജെ.പി ഘടകം രംഗത്തു വരാത്തത് വേദനയുണ്ടാക്കിയെന്നും അഡ്വ. ആറ്റബി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.