വൻ വാക്സിൻ തട്ടിപ്പ്; മുംബൈയിൽ 390 പേർക്ക് വ്യാജ വാക്സിൻ നൽകി ലക്ഷങ്ങൾ തട്ടി
text_fieldsമുംബൈ: രാജ്യത്ത് കോവിഡ് വാക്സിൻ പരമാവധി പേരിൽ എത്തിക്കാൻ അടിയന്തര നടപടികൾ തുടരുന്നതിനിടെ സ്വകാര്യ ആശുപത്രികളുടെ പേരിൽ മുംബൈയിൽ വൻ വാക്സിൻ തട്ടിപ്പ്. നഗരത്തിലെ കാണ്ഡിവലി പ്രദേശത്തെ ഹൗസിങ് സൊസൈറ്റിയിലാണ് നൂറുകണക്കിന് പേർക്ക് വ്യാജ വാക്സിൻ നൽകി ലക്ഷങ്ങളുമായി കടന്നത്.
മേയ് 30ന് ഹീരാനന്ദാനി എസ്റ്റേറ്റ് സൊസൈറ്റിയിലാണ് വാക്സിൻ ക്യാമ്പ് നടത്തിയിരുന്നത്. അന്ന് വാക്സിൻ നൽകിയത് 390 പേർക്ക്. കോകിലബെൻ അംബാനി ആശുപത്രി പ്രതിനിധിയെന്ന പേരിൽ രാജേഷ് പാണ്ഡെയെന്ന പേരിൽ ഒരാൾ ബന്ധപ്പെട്ടാണ് വാക്സിൻ മേള നടത്തി എല്ലാവർക്കും നൽകുന്ന കാര്യം അറിയിച്ചത്. സഞ്ജയ് ഗുപ്ത, മഹേന്ദ്ര സിങ് എന്നിവരും ഇതിൽ പങ്കാളികളായി. കോവിഷീൽഡ് വാക്സിൻ ഒരു ഡോസിന് 1,260 രൂപ നിരക്കിലായിരുന്നു ഈടാക്കിയത്.
വാക്സിനെടുത്തവർക്ക് ആഴ്ച കഴിഞ്ഞും സന്ദേശം ലഭിക്കാതെ വന്നതോടെയാണ് സംശയം തുടങ്ങിയത്. രണ്ടാഴ്ച കഴിഞ്ഞ വിവിധ ആശുപത്രികളുടെ പേരിൽ ഇവർക്ക് സർട്ടിഫിക്കറ്റ് നൽകിയെങ്കിലും ബന്ധപ്പെട്ടപ്പോൾ ആശുപത്രികൾ കൈമലർത്തി.
കുത്തിവെപ്പ് സ്വീകരിച്ച ആർക്കും പ്രയാസങ്ങളൊന്നും അനുഭവപ്പെടാതിരുന്നതും സംശയമുണ്ടാക്കി. ആശുപത്രികൾ പിന്നീട് നിഷേധക്കുറിപ്പ് ഇറക്കിയിട്ടുണ്ട്.
സംഭവത്തോടെ തങ്ങൾക്ക് ലഭിച്ചത് ഒറിജിനലോ വ്യാജനോ എന്നറിയാതെ കുഴങ്ങുകയാണ് വാക്സിൻ സ്വീകരിച്ചവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.