യോഗ്യതാ പരീക്ഷ നേരിടാൻ കഴിയുന്നില്ലെങ്കിൽ രാജി വെച്ച് പോകണം; ബീഹാറിലെ പഞ്ചായത്ത് അധ്യാപകരുടെ ഹരജിയിൽ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി
text_fieldsന്യൂഡൽഹി: 2023 ൽ സംസ്ഥാന സർക്കാർ കൊണ്ടുവന്ന യോഗ്യതാ പരീക്ഷയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിഹാറിലെ സർക്കാർ സ്കൂളുകളിലെ പഞ്ചായത്ത് അധ്യാപകർ നൽകിയ ഹരജിയിൽ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. യോഗ്യതാ പരീക്ഷയിൽ നിന്ന് രക്ഷപ്പെടാമെന്ന് പലരും കരുതിയെന്ന് വിമർശിച്ച കോടതി ഹരജി തള്ളി.
ഇതാണോ രാജ്യത്തെ വിദ്യാഭ്യാസ നിലവാരമെന്നും കോടതി ചോദിച്ചു. ബിരുദാനന്തര ബിരുദധാരികളായവർക്ക് അവധിക്കുള്ള അപേക്ഷപോലും എഴുതാൻ മടിയാണ്. ബീഹാർ പോലൊരു സംസ്ഥാനം വിദ്യാഭ്യാസ രംഗം കൂടുതൽ മെച്ചപ്പെടുത്താൻ യോഗ്യതാ പരീക്ഷ നടത്തുമ്പോൾ അതിനെ തളർത്തുന്ന ഇത്തരത്തിലുള്ള ഹരജികൾ നാണക്കേടുണ്ടാക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു. പരിവർത്തങ്കരി ആരംഭിക് ശിക്ഷക് സംഘ് നൽകിയ ഹരജിയിലായിരുന്നു കോടതിയുടെ നിരീക്ഷണം.
പട്ന ഹൈകോടതിയുടെ ഉത്തരവ് ശരിവെച്ച സുപ്രീംകോടതി രാജ്യം കെട്ടിപ്പടുക്കാൻ അധ്യാപകരെ സഹായിക്കുന്ന നിങ്ങൾക്ക് ഒരു പരീക്ഷ നേരിടാൻ കഴിയുന്നില്ലെങ്കിൽ രാജി വെച്ച് പോകണമെന്നും പറഞ്ഞു.
ബീഹാർ സർക്കാർ നടത്തുന്ന യോഗ്യതാ പരീക്ഷയിൽ വിജയിച്ചില്ലെങ്കിൽ ജോലിയിൽ തുടരാനാകില്ലെന്ന് പട്ന ഹൈകോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. തുടർന്ന് ബീഹാറിലെ സർക്കാർ അധ്യാപകർക്ക് കീഴിലുള്ള നാല് ലക്ഷത്തോളം വരുന്ന പഞ്ചായത്ത് അധ്യാപകരാണ് സുപ്രീംകോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.