ഇന്നറിയാം പവാറിന്റെ ‘ഭാവി’
text_fieldsമുംബൈ: എൻ.സി.പി അധ്യക്ഷസ്ഥാനത്ത് നിന്നുള്ള രാജിയിൽ ഉറച്ചുനിൽക്കുമെന്ന സൂചന നൽകി ശരദ് പവാർ. രാജി പാർട്ടിയുടെ ഭാവിക്ക് വേണ്ടിയും പുതിയ നേതൃത്വത്തെ സൃഷ്ടിക്കാനുമുള്ളതാണെന്ന് പവാർ വ്യക്തമാക്കി. രാജിയിൽ അന്തിമ തീരുമാനം രണ്ട് ദിവസത്തിനകമുണ്ടാകുമെന്നും പാർട്ടി ആസ്ഥാനമായ വൈ.ബി. ചവാൻ സെന്ററിൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത് ശരദ് പവാർ പറഞ്ഞു.
അതേസമയം, പ്രവർത്തകരുടെ വികാരം അവഗണിക്കില്ലെന്നും പവാർ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം അധ്യക്ഷപദമൊഴിഞ്ഞതിന് പിറകെ നേതാക്കളും പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തുണ്ട്. ഇതിനിടെയാണ് പവാറിന്റെ വിശദീകരണം. ‘ നിങ്ങളുടെ വികാരത്തെ ഞാൻ മാനിക്കുന്നു.
എന്റെ പദ്ധതികൾ നിങ്ങളുമായി ചർച്ച ചെയ്യുകയും നിങ്ങളെ ആത്മവിശ്വാസത്തിലെടുക്കുകയും വേണമായിരുന്നു. പക്ഷേ, ചർച്ച ചെയ്തിരുന്നെങ്കിൽ നിങ്ങളെന്നെ സ്ഥാനമൊഴിയാൻ അനുവദിക്കില്ലായിരുന്നു’- പവാർ പ്രവർത്തകരോട് പറഞ്ഞു. മഹാരാഷ്ട്രക്ക് പുറത്തുള്ള പാർട്ടി സഹപ്രവർത്തകരുമായി വെള്ളിയാഴ്ച ചർച്ച നടത്തുമെന്നും ഒന്നോ രണ്ടോ ദിവസത്തിനകം രാജിക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നും എൻ.സി.പി നേതാവ് വ്യക്തമാക്കി.
പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാൻ പ്രമുഖ നേതാക്കളടങ്ങിയ കമ്മിറ്റിയും പവാർ രാജിക്കൊപ്പം പ്രഖ്യാപിച്ചിരുന്നു. ഈ കമ്മിറ്റിയാണ് വെള്ളിയാഴ്ച രാവിലെ 11ന് യോഗം ചേരുന്നത്. സുപ്രിയ സുലെ, അജിത് പവാർ, പ്രഫുൽ പട്ടേൽ, ഛഗൻ ഭുജ്ബൽ, പി.സി. ചാക്കോ തുടങ്ങിയ നേതാക്കളുൾപ്പെടുന്ന കമ്മിറ്റിയാണ് രാജിക്കാര്യം പരിശോധിക്കുക. പവാർ രാജിയിൽ ഉറച്ചുനിന്നാൽ പുതിയ പ്രസിഡന്റായി മകൾ സുപ്രിയ സുലെയോ സഹോദര പുത്രൻ അജിത് പവാറോ എത്തുമെന്ന സൂചനയുമുണ്ട്.
വർക്കിങ് പ്രസിഡന്റിനെ നിയമിച്ച് പവാർ അധ്യക്ഷ സ്ഥാനത്ത് തുടരണമെന്നാണ് പ്രവർത്തകരുടെ ആവശ്യം. അടുത്ത വർഷം നടക്കുന്ന ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പു വരെ പവാർ തുടരണമെന്നാണ് പ്രവർത്തകരുടെ പൊതുവികാരം.
ആവശ്യം അംഗീകരിച്ചില്ലെങ്കിൽ നിരാഹാരസമരം നടത്തുമെന്ന് ചില പ്രവർത്തകർ നേതൃത്വത്തിന് മുന്നറിയിപ്പ് നൽകി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും പവാറിന്റെ മകൾ സുപ്രിയ സുലെയുമായി പുതിയ സാഹചര്യങ്ങൾ ഫോണിലൂടെ ചർച്ച ചെയ്തതായി പാർട്ടി വൃത്തങ്ങൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.