നെറ്റിസൺസിന് കലിയടങ്ങുന്നില്ല, ട്വിറ്ററിൽ വീണ്ടും ട്രെൻഡിങ്ങായി 'രാജിവെക്കൂ മോദി'...
text_fieldsന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം അനുദിനം ആപത്കരമായി കുതിച്ചുയരുകയും ചികിത്സ സംവിധാനങ്ങൾ അപര്യാപത്മാവുകയും ചെയ്യുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജിവെക്കണമെന്ന ആവശ്യവുമായി വീണ്ടും നെറ്റിസൺസ്. മഹാമാരിയുടെ രണ്ടാംഘട്ട വ്യാപനത്തിൽ രാജ്യത്തിന്‍റെ അവസ്ഥ അന്തർദേശീയ തലത്തിലടക്കം ഏറെ ചർച്ച ചെയ്യപ്പെടുന്ന സാഹചര്യത്തിൽ നിലവിലെ ദയനീയമായ ദുരവസ്ഥയുടെ ഉത്തരവാദിത്വമേറ്റെടുത്ത് മോദി രാജിവെക്കണമെന്നാണ് ട്വിറ്ററിൽ ആവശ്യമുയരുന്നത്.
ഒരാഴ്ച മുമ്പ് ട്രെൻഡിങ്ങായ ഹാഷ്ടാഗിന്റെ ചുവടുപിടിച്ച് 'Resign_PM_Modi' എന്ന ഹാഷ്ടാഗിൽ വീണ്ടും പ്രതിഷേധം കനക്കുകയാണ്. മണിക്കൂറുകൾക്കകം മൂന്നരലക്ഷത്തോളം ട്വീറ്റുകളുമായി ഈ ഹാഷ്ടാഗ് ട്രെൻഡിങ്ങിൽ ഒന്നാമതെത്തുകയും ചെയ്തു.
'കോവിഡ് മഹാമാരിക്കാലത്ത് രാജ്യത്തെ ആരോഗ്യ സംവിധാനം കാര്യക്ഷമമമായി കൈകാര്യം ചെയ്യാൻ കഴിയാത്തതിനാൽ ആയിരങ്ങളുടെ ജീവൻ നഷ്ടമായതിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടൻ രാജിവെക്കണം' -വോയ്സ് ഓഫ് ഡാർജീലിങ് എന്ന ട്വിറ്റർ ഹാൻഡ്ൽ ആവശ്യമുന്നയിച്ചു. 'മോദിയാണ് ഏറ്റവും പ്രശസ്തനായ നേതാവെന്നാണ് ഗോദി മീഡിയയുടെയും ബി.ജെ.പി നേതാക്കളുടെയും അവകാശവാദം. ഒരുവിധ സുരക്ഷാ സന്നാഹങ്ങളുമില്ലാതെ മോദി അഞ്ചുമിനിറ്റ് നേരം ഏതെങ്കിലുമൊരു ആശുപത്രിയോ ശ്മശാനമോ സന്ദർശിക്കുമോ? ഞാൻ വെല്ലുവിളിക്കുന്നു. എത്രമാത്രം പ്രശസ്തനാണ് താനെന്ന് അദ്ദേഹം അപ്പോൾ തിരിച്ചറിയും.' -ഭവിക കപൂറിന്‍റെ പ്രതികരണം ഇങ്ങനെയായിരുന്നു.
'ഒരു രാജ്യത്തെ നശിപ്പിക്കാൻ അണുബോംബുകൾ ആവശ്യമില്ല. രാജ്യത്തെ പൗരന്മാരുടെ ജീവനേക്കാൾ തന്‍റെ കീശക്ക് പ്രാധാന്യം നൽകുന്ന രാഷ്ട്രീയക്കാർ (മന്ത്രിമാർ) അത് ദിനേന ചെയ്തുകൊണ്ടിരിക്കും.' -ഭാരതി എന്ന പേരിലുള്ള ട്വിറ്റർ അക്കൗണ്ടിൽനിന്നുള്ള വിമർശനം ഇങ്ങനെയായിരുന്നു.
ബിഹാറിൽ 12ഉം കേരളത്തിൽ അഞ്ചും തമിഴ്നാട്ടിലും അസമിലും ഏഴുവീതവും ബംഗാളിൽ 18ഉം തെരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുത്ത നേരന്ദ്ര മോദി, ജനങ്ങൾ മഹാമാരിയിൽ മരിച്ചുവീഴുേമ്പാൾ ഒരു ആശുപത്രിയിൽപോലും സന്ദർശനം നടത്തിയില്ലെന്ന് ഒരു കുറിപ്പിൽ കുറ്റപ്പെടുത്തി. കോവിഡ് ബാധിച്ച് മരിച്ച മൃതശരീരങ്ങൾ ഒന്നായി ദഹിപ്പിക്കുന്നതും സംസ്കരിക്കുന്നതുമായ ചിത്രങ്ങൾ സഹിതമാണ് പലരും ട്വീറ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.