സുപ്രീം കോടതിയിലെ പ്രതിസന്ധി: പരിഹരിക്കാൻ ബാർ കൗൺസിൽ
text_fieldsന്യൂഡൽഹി: നാല് മുതിർന്ന ജഡ്ജിമാർ ഉയർത്തിയ കലാപം തിങ്കളാഴ്ച സുപ്രീംകോടതി നടപടി തുടങ്ങും മുമ്പ് ഒതുക്കിത്തീർക്കാൻ തിരക്കിട്ട ശ്രമം. ജസ്റ്റിസുമാരായ ജെ. ചെലമേശ്വർ, രഞ്ജൻ ഗൊഗോയ്, മദൻ ബി. ലോകുർ, കുര്യൻ ജോസഫ് എന്നിവരുമായി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഞായറാഴ്ച ചർച്ച നടത്തിയേക്കും.
ഞായറാഴ്ച ജഡ്ജിമാർ ന്യൂഡൽഹിയിൽ തിരിച്ചെത്തിയശേഷം ഒത്തുതീർപ്പ് സംഭാഷണം നടക്കും. ഇതിന് അന്തരീക്ഷമൊരുക്കാൻ സുപ്രീംകോടതിയിലെ ഒരുവിഭാഗം ജഡ്ജിമാരും മുതിർന്ന അഭിഭാഷകരും രംഗത്തുണ്ട്.
അതിനിടെ, പ്രശ്നപരിഹാരത്തിന് ബാർ കൗൺസിൽ ഒാഫ് ഇന്ത്യ ഏഴംഗ സമിതിക്ക് രൂപം നൽകി. സുപ്രീംകോടതിയിലെ എല്ലാ ജഡ്ജിമാരുമായും സമിതി കൂടിക്കാഴ്ച നടത്തും. നാല് ജഡ്ജിമാർ ഉന്നയിച്ച പ്രശ്നങ്ങളെക്കുറിച്ച് മറ്റു ജഡ്ജിമാരുടെ അഭിപ്രായം ആരായുകയാണ് ലക്ഷ്യം. ജഡ്ജിമാരുടെ വാർത്താസമ്മേളനത്തെുടർന്നുണ്ടായ സാഹചര്യം മുതലെടുക്കാൻ രാഷ്്ട്രീയ പാർട്ടികളും നേതാക്കന്മാരും ശ്രമിക്കരുതെന്നും കൗൺസിൽ ആവശ്യപ്പെട്ടു.
തിങ്കളാഴ്ച കോടതിനടപടി സാധാരണപോലെ നടക്കുമെങ്കിലും നീതിപീഠത്തിലുണ്ടായ വിള്ളൽ പരിഹരിക്കാൻ സമയമെടുക്കുമെന്നാണ് സൂചന. ഏറ്റവും നേരേത്ത പ്രശ്നം തീർക്കണമെന്നാണ് സർക്കാറിനുള്ളത്.
അതേസമയം, ജഡ്ജിമാരുടെ അഭിപ്രായപ്രകടനത്തോട് ചീഫ് ജസ്റ്റിസ് ഒൗദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പരസ്യ അഭിപ്രായപ്രകടനത്തിന് മുതിരുന്നത് പ്രശ്നം വഷളാക്കുമെന്ന ഉപദേശമാണ് അദ്ദേഹത്തിന് കിട്ടിയിട്ടുള്ളത്.
എല്ലാ ജഡ്ജിമാരും ഉൾപ്പെട്ട ഫുൾകോർട്ട് യോഗം വിളിക്കാമായിരുന്നു, രാഷ്ട്രപതിയെ സമീപിക്കാമായിരുന്നു, വാർത്തസമ്മേളനം ഒഴിവാക്കാമായിരുന്നു തുടങ്ങിയ ചിന്താഗതികൾ നിയമവൃത്തങ്ങളിലുണ്ട്. ഇത്തരം സന്ദർഭത്തെക്കുറച്ച് ഭരണഘടനയും വ്യക്തമായി പറഞ്ഞിട്ടില്ല. പാർലമെൻറിനോ സർക്കാറിനോ ഒന്നും ചെയ്യാനില്ലെന്നും തങ്ങൾ സ്വയം പരിഹരിക്കുമെന്നുമാണ് ജഡ്ജിമാർ പുലർത്തിപ്പോന്ന നയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.