‘മണിപ്പൂരിൽ ഉടൻ സമാധാനം പുനഃസ്ഥാപിക്കണം, ഇല്ലെങ്കിൽ മെഡലുകൾ തിരിച്ചു നൽകും’ -അമിത് ഷാക്ക് കത്തെഴുതി കായിക താരങ്ങൾ
text_fieldsഇംഫാൽ: മണിപ്പൂരിലെ വംശീയ കലാപത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ ഒളിമ്പ്യൻമാർ ഉൾപ്പെട്ട 11 കായിക താരങ്ങൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് കത്തെഴുതി. ഒളിമ്പിക് മെഡൽ ജേതാവ് മീരാബായ് ചനു ഉൾപ്പെടെയുള്ള താരങ്ങളാണ് കത്തിൽ ഒപ്പുവെച്ചിരിക്കുന്നത്. എത്രയും വേഗം സമാധാനം പുനഃസ്ഥാപിച്ചില്ലെങ്കിൽ തങ്ങളുടെ മെഡലുകളും അവാർഡുകളും തിരിച്ചേൽപ്പിക്കുമെന്ന് താരങ്ങൾ മുന്നറിയിപ്പ് നൽകി.
പദ്മ അവാർഡ് ജേതാവ് ഭാരോദ്വാഹക കുഞ്ചറാണി ദേവി, മുൻ ഇന്ത്യൻ വനിതാ ഫുട്ബാൾ ക്യാപ്റ്റൻ ബെം ബെം ദേവി, ബോക്സർ എൽ. സരിതാ ദേവി എന്നിവരുൾപ്പെടെ കത്തിൽ ഒപ്പുവെച്ചിട്ടുണ്ട്. ദേശീയ പാത രണ്ടിലെ തടസം ഒഴിവാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
ആഴ്ചകളായി ദേശീയ പാത രണ്ട് അടച്ചുപൂട്ടിയിരിക്കുകയാണ്. ഇത് ചരക്കു ഗതാഗതത്തെ ബാധിക്കുന്നതിനാൽ അവശ്യ സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. അതിനാൽ ദേശീയ പാത എത്രയും പെട്ടെന്ന് തുറന്നുകൊടുക്കണം. -കത്തിൽ ആവശ്യപ്പെട്ടു.
അമിത് ഷാ നലു ദിവസത്തെ മണിപ്പൂർ സന്ദർശനതിനായി സംസ്ഥാനത്തുണ്ട്. മെയ് മൂന്നു മുതൽ സംസ്ഥാനത്ത് രൂക്ഷമായ വംശീയ കലാപം അരങ്ങേറുകയും 70 ഓളം പേർ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.
ഗോത്ര വിഭാഗത്തിൽ ഉൾപ്പെടാത്ത മെയ്തേയി വംശജർക്ക് പട്ടിക വർഗ പദവി നൽകാനുള്ള ഹൈകോടതി നിർദേശമാണ് സംഘർഷങ്ങൾക്കിടവെച്ചത്. ഇത് പ്രധാന ഗോത്ര വിഭാഗമായ കുക്കികൾ ഉൾപ്പെടെ എതിർക്കുകയും അതിനെ തുടർന്ന് സംഘർഷം അരങ്ങേറുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.