‘ന്യൂനപക്ഷാവകാശം അതിലംഘിച്ച് നിയന്ത്രണം സാധ്യമല്ല’; അലീഗഢിൽ സുപ്രീം കോടതി
text_fieldsന്യൂഡൽഹി: ഏതൊരു പൗരൻ സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനവും ഭരണഘടനയുടെ 19(6) അനുച്ഛേദ പ്രകാരം നിയന്ത്രിക്കാമെങ്കിലും ഭരണഘടനയുടെ 30-ാം അനുച്ഛേദം ന്യൂനപക്ഷങ്ങൾക്ക് നൽകിയ അവകാശങ്ങളുടെ കാര്യം വരുമ്പോൾ ഈ നിയന്ത്രണാവകാശം പരമമല്ലെന്ന് അലീഗഢ് വിഷയത്തിൽ ചീഫ് ജസ്റ്റിസ് എഴുതിയ ഭൂരിപക്ഷ വിധിയിൽ വ്യക്തമാക്കി. സ്ഥാപനങ്ങളുടെ ന്യൂനപക്ഷ സ്വഭാവത്തിനെ അതിലംഘിച്ചുകൊണ്ട് സർക്കാർ നിയന്ത്രണം സാധ്യമല്ലെന്ന് സുപ്രീംകോടതി അർഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കി.
സ്ഥാപിച്ച തീയതി നോക്കേണ്ട
ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന ശേഷം ന്യൂനപക്ഷങ്ങൾ സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രമാണ് ന്യൂനപക്ഷ പദവിക്ക് അർഹത എന്ന് പറയുന്നത് ഭരണഘടനയുടെ 30-ാം അനുച്ഛേദത്തിൽ വെള്ളം ചേർക്കലാണ്. ഭരണഘടന നിലവിൽ വരുന്നതിനുമുമ്പും ന്യൂനപക്ഷങ്ങൾ സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഭരണഘടനയുടെ 30-ാം അനുച്ഛേദം നൽകുന്ന അവകാശങ്ങൾ അനുവദിച്ചേ തീരൂ.
നിയമത്താൽ സ്ഥാപിതമായതിനാൽ ന്യൂനപക്ഷ പദവി ഇല്ലാതാകില്ല
പാർലമെന്റിന്റെ നിയമ നിർമാണത്തിലൂടെ വന്ന വിദ്യാഭ്യാസ സ്ഥാപനമായതിനാൽ ന്യൂനപക്ഷ സ്ഥാപനമാകില്ലെന്ന സുപ്രീംകോടതിയുടെ 1967ലെ അലീഗഢിനെതിരായ സുപ്രീംകോടതിവിധി ഭരണഘടനവിരുദ്ധമാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ജെ.ബി. പർദീവാല, മനോജ് മിശ്ര എന്നിവർ വ്യക്തമാക്കി. ആ വിധിയല്ല, ഈ വിധിയായിരിക്കും അലീഗഢിന്റെ ന്യൂനപക്ഷ പദവി നിർണയിക്കുകയെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ഭൂരിപക്ഷ വിധിന്യായം വായിച്ച് പറഞ്ഞു. ന്യൂനപക്ഷ വിഭാഗങ്ങളോട് വിവേചനമരുതെന്ന് ഭരണഘടനയുടെ 30-ാം അനുച്ഛേദം പറയുന്നതിൽ ആർക്കും തർക്കമില്ലെന്ന് ചീഫ് ജസ്റ്റിസ് ഓർമിപ്പിച്ചു. ഇതോടെ, അലീഗഢ് മുസ്ലിം സർവകലാശാല ന്യൂനപക്ഷ സ്ഥാപനമല്ലെന്ന അസീസ് ബാഷ കേസിലെ സുപ്രീംകോടതിവിധി ദുർബലമായി. ഇതിന്റെ ചുവടുപിടിച്ച് ഹൈകോടതികളും സുപ്രീംകോടതികളും പുറപ്പെടുവിച്ച വിധികളും ദുർബലമായി.
ഭരണഘടന ബെഞ്ച് പരിഗണിച്ച വിഷയങ്ങൾ
- 01 ഭരണഘടന അനുച്ഛേദം 30 പ്രകാരം ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് ന്യൂനപക്ഷ പദവി അനുവദിക്കേണ്ടതിന്റെ മാനദണ്ഡം എന്തായിരിക്കണം?
- 02 പാർലമെന്റിൽ നിയമനിർമാണത്തിലൂടെ സ്ഥാപിതമായ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് അനുച്ഛേദം 30 പ്രകാരം ന്യൂനപക്ഷ പദവി അനുവദിക്കാമോ?
- 03 1967ൽ അലീഗഢിന്റെ ന്യൂനപക്ഷ പദവി റദ്ദാക്കിയ സുപ്രീംകോടതി വിധിയുടെ വിശദപരിശോധന; വിധി എപ്രകാരമാണ് നടപ്പാക്കിയതെന്ന അന്വേഷണം
- 04 ന്യൂനപക്ഷ മതവിഭാഗങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സംരക്ഷണത്തിനും മറ്റുമായി 2004ൽ, യു.പി.എ സർക്കാർ കൊണ്ടുവന്ന നിയമമാണ് നാഷനൽ കമീഷൻ ഓഫ് മൈനോറിറ്റി എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻസ് ആക്ട്. അനുച്ഛേദം 30 അനുസരിച്ച്, രാജ്യത്ത് ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പ് സുഗമമാക്കുന്നതിനും മറ്റുമാണ് ഈ നിയമം കൊണ്ടുവന്നത്. സംവരണമടക്കമുള്ള കാര്യങ്ങളിൽ 1956ലെ യു.ജി.സി നിയമവുമായി ഇത് യോജിക്കുന്നുണ്ടോ എന്ന അന്വേഷണം.
- 05 നാഷനൽ കമീഷൻ ഓഫ് മൈനോറിറ്റി എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻസ് ആക്ടിന്റെ വെളിച്ചത്തിൽ ‘അസീസ് ബാഷ’ കേസ് പുനഃപരിശോധിക്കേണ്ടതുണ്ടോ?
- 06 ‘അസീസ് ബാഷ’ കേസ് വിധി ഭരണഘടനാതത്വങ്ങൾ പൂർണമായും പാലിച്ചുകൊണ്ടായിരുന്നോ?
- 07 അനുച്ഛേദം 30ൽ പറയുന്ന സ്ഥാപനത്തിന്റെ ‘അധികാരി’, ‘സ്ഥാപനം’ എന്നീ വാക്കുകളെ പുതിയ കാലത്ത് എങ്ങനെയാണ് വ്യാഖ്യാനിക്കുക?
- 08 അനുച്ഛേദം 30 പ്രകാരം, രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് എത്രമാത്രം സ്ഥാപനങ്ങളുടെമേൽ അധികാരം നൽകാനാവും?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.