രാമനവമി ഘോഷയാത്രക്ക് നിയന്ത്രണം: ജാർഖണ്ഡ് ഭരിക്കുന്നത് താലിബാൻ ആണോയെന്ന് ബി.ജെ.പി എം.എൽ.എ
text_fieldsറാഞ്ചി: രാമനവമി ഘോഷയാത്രക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെച്ചൊല്ലി ജാർഖണ്ഡ് നിയമസഭയിൽ ചൊവ്വാഴ്ച ബി.ജെ.പി ബഹളം. സംസ്ഥാനം ഭരിക്കുന്നത് താലിബാൻ ആണോ എന്ന് ബി.ജെ.പി എം.എൽ.എ ചോദിച്ചു.
ചോദ്യോത്തര വേളയിൽ, ഹസാരിബാഗിലെ രാമനവമി ഘോഷയാത്രയിൽ ഡി.ജെ (കാതടപ്പിക്കുന്ന സംഗീത സംവിധാനം) അനുവദിക്കണമെന്ന് ബി.ജെ.പി നിയമസഭാംഗം മൈഷ് ജയ്‌സ്വാൾ ആവശ്യപ്പെട്ടു. പ്രസ്‌താവനക്കിടെ പ്രകോപിതനായ ജയ്‌സ്വാൾ തന്‍റെ കുർത്ത വലിച്ചുകീറി സഭയിൽ എറിയുകയും ചെയ്തു.
താലിബാൻ ഭരിക്കുന്ന സംസ്ഥാനത്ത് ആളുകൾ താമസിക്കുന്നുണ്ടോ എന്ന് ആശ്ചര്യപ്പെട്ട ജയ്‌സ്വാൾ, ജാഥക്കിടെ ഡി.ജെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തന്റെ മണ്ഡലമായ ഹസാരിബാഗിൽ അഞ്ച് പേർ മരണം വരെ നിരാഹാരം കിടക്കുകയാണെന്നും അറിയിച്ചു. നിരപരാധികൾക്കെതിരെ എഫ്.ഐ.ആർ ഫയൽ ചെയ്തതായും എം.എൽ.എ ആരോപിച്ചു.
ഹസാരിബാഗിലെ രാമനവമി ഘോഷയാത്രയുടെ 104 വർഷത്തെ പാരമ്പര്യം തകർക്കാൻ ബോധപൂർവമായ ശ്രമമാണ് നടക്കുന്നതെന്നും ജയ്‌സ്വാൾ ആരോപിച്ചു. ബി.ജെ.പി എം.എൽ.എമാർ ‘ജയ് ശ്രീറാം’, ‘ജയ് ഹനുമാൻ’ തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിച്ച് സഭയിൽ ബഹളമുണ്ടാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.