ചിലയിനം സ്വർണാഭരണങ്ങളുടെ ഇറക്കുമതിക്ക് നിയന്ത്രണം
text_fieldsന്യൂഡൽഹി: ചിലയിനം സ്വർണാഭരണങ്ങളുടെ ഇറക്കുമതിക്ക് നിയന്ത്രണമേർപ്പെടുത്തി കേന്ദ്രസർക്കാർ. അവശ്യേതര വസ്തുക്കളുടെ ഇറക്കുമതി തടയുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. മുത്തുകളും കല്ലുകളും പതിക്കാത്ത, സ്വർണംകൊണ്ട് നിർമിച്ച ആഭരണങ്ങളുടെയും സ്വർണംകൊണ്ട് നിർമിച്ച മറ്റ് സാധനങ്ങളുടെയും ഇറക്കുമതിക്കാണ് നിയന്ത്രണം വരുന്നത്.
ഇത്തരം സ്വർണ ഉൽപന്നങ്ങൾ ഇറക്കുമതിചെയ്യുന്നതിന് ഇനിമുതൽ കേന്ദ്രസർക്കാറിൽനിന്ന് പ്രത്യേക ലൈസൻസ് നേടേണ്ടിവരും. അതേസമയം, ഇന്ത്യ-യു.എ.ഇ സ്വതന്ത്ര വ്യാപാരക്കരാർ പ്രകാരമുള്ള ഇറക്കുമതിക്ക് നിയന്ത്രണം ബാധകമായിരിക്കില്ലെന്നും വിദേശ വ്യാപാര ഡയറക്ടറേറ്റ് ജനറൽ അറിയിച്ചു.
ഇന്ത്യ-ആസിയാൻ സ്വതന്ത്ര വ്യാപാര ഉടമ്പടിപ്രകാരം ഇന്തോനേഷ്യയിൽനിന്നുള്ള ഇറക്കുമതി വർധിച്ച സാഹചര്യത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് വ്യവസായവൃത്തങ്ങൾ സൂചിപ്പിച്ചു. ഇവിടെനിന്ന് നികുതിരഹിതമായി എത്തുന്ന സ്വർണം ഇന്ത്യയിൽ ഉരുക്കി ആഭരണങ്ങളാക്കുകയാണ് ചെയ്യുന്നത്.
ഈ സാമ്പത്തിക വർഷം ഏപ്രിൽ-മേയ് മാസങ്ങളിൽ മുത്തുകൾ, വിലയേറിയ രത്നക്കല്ലുകൾ എന്നിവയുടെ ഇറക്കുമതി 25.36 ശതമാനം ഇടിഞ്ഞ് 400 കോടി ഡോളറായി. ഇതേ കാലയളവിൽ സ്വർണ ഇറക്കുമതിയും ഏകദേശം 40 ശതമാനം കുറഞ്ഞ് 470 കോടി ഡോളറായി. ഈ സാമ്പത്തിക വർഷം ഏപ്രിൽ-മേയ് മാസങ്ങളിൽ മൊത്തത്തിലുള്ള ചരക്ക് ഇറക്കുമതി 10.24 ശതമാനം കുറഞ്ഞ് 10700 കോടി ഡോളറായെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.