ജോസി മോളുടെ അപേക്ഷക്ക് ഫലം; ആധാറിന് കൃഷ്ണമണിയുടെ സ്കാൻ മതി
text_fieldsന്യൂഡൽഹി: ആധാറിന് അർഹതയുള്ള ഒരാൾക്ക് വിരലടയാളമില്ലെങ്കിൽ കണ്ണിന്റെ കൃഷ്ണമണിയുടെ സ്കാൻ ഉപയോഗിച്ച് എൻറോൾ ചെയ്യാമെന്ന് വ്യക്തത വരുത്തി കേന്ദ്ര സർക്കാർ. ആവശ്യമായ വിരലുകളില്ലാത്തതിനാൽ ആധാറിന് എൻറോൾ ചെയ്യാൻ ഏറെക്കാലമായി ബുദ്ധിമുട്ടിയിരുന്ന കോട്ടയം കുമരകം പള്ളിത്തോപ്പ് പുത്തൻപറമ്പിൽ ജോസിമോൾ പി. ജോസിന്റെ എൻറോൾമെന്റ് ഉറപ്പാക്കാൻ ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ഇടപെട്ടതിന് പിന്നാലെയാണ് സർക്കാർ പ്രസ്താവനയിറക്കിയത്.
യുനീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യു.ഐ.ഡി.എ.ഐ) സംഘം ജോസിമോളുടെ കുമരകത്തെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ച് ആധാർ നമ്പർ നൽകിയിരുന്നു. വിരലില്ലാത്തവർക്കോ വിരലടയാളം മങ്ങിയതോ ആയ അവസ്ഥയിലുള്ളവർക്ക് കൃഷ്ണമണി സ്കാൻ ചെയ്ത് ആധാർ നൽകണമെന്ന് എല്ലാ സേവന കേന്ദ്രങ്ങൾക്കും നിർദേശം നൽകിയതായി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കൃഷ്ണമണിയുടെ സ്കാനിങ് ഏതെങ്കിലും കാരണവശാൽ ലഭിക്കാത്തവർക്ക് വിരലടയാളം മാത്രം ഉപയോഗിച്ച് എൻറോൾ ചെയ്യാനും അനുമതി നൽകി. വിരലുകളുടെയും കൃഷ്ണമണിയുടെയും ബയോമെട്രിക്സ് നൽകാൻ കഴിയാത്ത, മറ്റ് യോഗ്യതയുള്ളവർക്ക് ഇവയില്ലാതെയും ആധാർ സ്വന്തമാക്കാം.
അപൂർവ രോഗം ബാധിച്ച് 17 വർഷമായി കിടപ്പിലാണ് ജോസിമോൾ. കൈകാലുകളിൽ ഭാഗികമായേ ഇവർക്ക് വിരലുകളുള്ളൂ. ആധാർ കാർഡില്ലാത്തതിനാൽ റേഷൻ കാർഡിലും പേരില്ലായിരുന്നു. ഭിന്നശേഷി വിഭാഗത്തിനുള്ള ആനുകൂല്യങ്ങളും നഷ്ടമായിരുന്നു. പ്രത്യേക ഇളവ് നൽകിയായിരുന്നു കുമരകം പഞ്ചായത്ത് ഭരണസമിതി ജോസിമോൾക്ക് സാമൂഹിക സുരക്ഷ പെൻഷൻ അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.