തിരിച്ചടി പ്രതീക്ഷിച്ചില്ല; നിരാശരാണ് എങ്കിലും തിരിച്ചുവരും -തെരഞ്ഞെടുപ്പ് പരാജയം അവലോകനം ചെയ്ത് കോൺഗ്രസ്
text_fieldsന്യൂഡൽഹി: അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഏറ്റ കനത്ത പരാജയം വിലയിരുത്തി കോൺഗ്രസ് നേതൃത്വം. ഛത്തീസ്ഗഢ്, മധ്യപ്രദേശ് സംസ്ഥാനങ്ങൾ ബി.ജെ.പിയുടെ കൈകളിലാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഡൽഹിയിലെ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി ആസ്ഥാനത്ത് വിളിച്ചുചേർത്ത അവലോകന യോഗത്തിൽ പാർട്ടി മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയും മറ്റ് മുതിർന്ന നേതാക്കളും പങ്കെടുത്തു.
ഛത്തീസ്ഗഡിലെയും മധ്യപ്രദേശിലെയും നിയമസഭാ തെരഞ്ഞെടുപ്പുകളിലെ പ്രകടനം അവലോകനം ചെയ്യാൻ കോൺഗ്രസ് നേതൃത്വം വെള്ളിയാഴ്ച പ്രത്യേക യോഗങ്ങൾ നടത്തി. ഛത്തീസ്ഗഢിലെ തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യുന്നതിനുള്ള യോഗം ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് നടന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.
പാർട്ടിയുടെ പ്രകടനത്തെക്കുറിച്ച് ബൂത്ത് തിരിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന കോൺഗ്രസ് മേധാവികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി (ഓർഗനൈസേഷൻ) കെ.സി. വേണുഗോപാൽ പറഞ്ഞു. ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയും ബി.ജെ.പി സർക്കാരിനെ താഴെയിറക്കാൻ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി പോരാടുമെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി.
നിരാശരാണെന്നും എന്നാൽ മനോവീര്യം നഷ്ടപ്പെട്ടിട്ടില്ലെന്നും വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിച്ച് വിജയിക്കുമെന്നും ഛത്തീസ്ഗഢിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കുമാരി സെൽജ പറഞ്ഞു. പാർട്ടിക്ക് വോട്ട് വിഹിതം നഷ്ടപ്പെട്ടിട്ടില്ലെന്നും സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ഫലങ്ങളെക്കുറിച്ച് വിശദമായ വിശകലനം നടത്തുമെന്നും അവർ വ്യക്തമാക്കി.
മധ്യപ്രദേശിലെ പാർട്ടിയുടെ തോൽവിയുടെ കാരണങ്ങളും സൗഹാർദപരമായ അന്തരീക്ഷത്തിൽ ചർച്ച ചെയ്തതായി രൺദീപ് സുർജേവാല പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. തോൽവിയുടെ കാരണങ്ങളെ കുറിച്ച് തുറന്ന് ചർച്ച ചെയ്ത് പോരായ്മകൾ വിലയിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഛത്തീസ്ഗഢ് അവലോകന യോഗത്തിൽ പങ്കെടുത്ത പാർട്ടി നേതാക്കളിൽ കെ.സി. വേണുഗോപാൽ, കോൺഗ്രസ് സ്‌ക്രീനിങ് കമ്മിറ്റി തലവനും നിരീക്ഷകനുമായ അജയ് മാക്കൻ, മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, മുൻ ഉപമുഖ്യമന്ത്രി ടി.എസ്. സിങ് ദിയോ, മുൻ മന്ത്രിമാരായ താമ്രധ്വജ് സാഹു, പി.സി.സി പ്രസിഡന്റ് എന്നിവരും പങ്കെടുത്തു. മധ്യപ്രദേശ് അവലോകന യോഗത്തിൽ രൺദീപ് സുർജേവാല, പി.സി.സി അധ്യക്ഷൻ കമൽനാഥ്, മുൻ മുഖ്യമന്ത്രി ദിഗ്‌വിജയ സിങ്, എ.ഐ.സി.സി സ്‌ക്രീനിങ് കമ്മിറ്റി മേധാവി ജിതേന്ദ്ര സിങും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.