നീറ്റ്: 1563 പേരുടെ ഫലം റദ്ദാക്കും; റീടെസ്റ്റിന് അവസരം നൽകുമെന്ന് കേന്ദ്രം
text_fieldsന്യൂഡൽഹി: നീറ്റ് പരീക്ഷയിൽ ഗ്രേസ്മാർക്ക് ലഭിച്ച 1563 വിദ്യാർഥികളുടെ സ്കോർബോർഡ് റദ്ദാക്കാൻ തീരുമാനിച്ച് കേന്ദ്രസർക്കാർ. പരീക്ഷയിൽ വ്യാപകക്രമക്കേടുണ്ടായെന്ന ആരോപണങ്ങളെ തുടർന്നാണ് സർക്കാർ നടപടി. ഇവർക്ക് റീടെസ്റ്റിനുള്ള അവസരം നൽകുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
ജൂൺ 23നായിരിക്കും വിദ്യാർഥികളുടെ റീടെസ്റ്റ്. ജൂൺ 30ന് മുമ്പ് തന്നെ ഫലം പ്രസിദ്ധീകരിക്കുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.വ്യാഴാഴ്ച സുപ്രീംകോടതിയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. റീടെസ്റ്റിന് തയാറാകാത്തവർക്ക് ഗ്രേസ് മാർക്ക് ഒഴിവാക്കിയുള്ള സ്കോർ നൽകുമെന്നും സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ ഒരു കമിറ്റിയെ നിയോഗിച്ചിരുന്നു. ജൂൺ 10,11,12 തീയതികളിൽ കമിറ്റി യോഗം ചേരുകയും ഗ്രേസ്മാർക്ക് ലഭിച്ച വിദ്യാർഥികളുടെ സ്കോർ കാർഡ് റദ്ദാക്കാനും ഇവർക്ക് റീടെസ്റ്റ് നടത്താനും ശിപാർശ ചെയ്യുകയായിരുന്നുവെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു.
അതേസമയം, നീറ്റിന്റെ കൗൺസിലിങ്ങിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി അറിയിച്ചു. പരീക്ഷ നടന്നിട്ടുണ്ടെങ്കിൽ അതിനനുസരിച്ച് കൗൺസിലിങ്ങും നടക്കും. ഇക്കാര്യത്തിൽ ഇടപെടില്ലെന്നും കോടതി വ്യക്തമാക്കി. അതിൽ ആരും ഭയപ്പെടേണ്ട കാര്യമില്ലെന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചാണ് നീറ്റുമായി ബന്ധപ്പെട്ട ഹരജികൾ പരിഗണിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.