ആ ചരിത്ര രേഖകൾ തിരികെ വേണം; സോണിയയുടെ കൈവശമുള്ള നെഹ്റുവിന്റെ കത്തുകൾ തിരിച്ചു നൽകണമെന്ന് രാഹുലിനോട് പ്രധാനമന്ത്രി മെമ്മോറിയൽ
text_fieldsന്യൂഡൽഹി: പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ കത്തുകൾ തിരികെ വേണമെന്നാവശ്യപ്പെട്ട് പ്രൈംമിനിസ്റ്റേഴ്സ് മ്യൂസിയം ആൻഡ് ലൈബ്രറി(പി.എം.എം.എൽ) രാഹുൽ ഗാന്ധിക്ക് കത്തയച്ചു. 2008ൽ യു.പി.എ ഭരണകാലത്താണ് സോണിയ ഗാന്ധിയുടെ കൈവശം നെഹ്റുവിന്റെ കത്തുകൾ എത്തിയത്. ഈ കത്തുകൾ തിരികെ വേണമെന്നാവശ്യപ്പെട്ട് ഡിസംബർ 10നാണ് പി.എം.എം.എൽ അംഗം റിസ്‍വാൻ കദ്‍രി രാഹുൽ ഗാന്ധിക്ക് കത്തയച്ചത്. എത്രയും പെട്ടെന്ന് സോണിയയുടെ കൈവശമുള്ള കത്തുകളുടെ ഒറിജിനലോ ഫോട്ടോ/ഡിജിറ്റൽ കോപ്പികളോ എത്തിക്കണമെന്നാണ് ആവശ്യം. കഴിഞ്ഞ സെപ്റ്റംബറിൽ ഇതേ ആവശ്യമുന്നയിച്ച് സോണിയ ഗാന്ധിക്കും കത്തയച്ചിരുന്നു.
അത്യന്തം ചരിത്ര പ്രാധാന്യമുള്ള ഒന്നായതിനാൽ നെഹ്റുവിന്റെ കത്തുകൾ നെഹ്റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറി(ഇപ്പോൾ പി.എം.എം.എൽ)യുടെ സംരക്ഷണചുമതലയിലായിരുന്നു. എന്നാൽ 2008ൽ ഈ കത്തുകളെല്ലാം 51 പെട്ടികളിലാക്കി സോണിയ ഗാന്ധിക്ക് അയച്ചുകൊടുക്കുകയായിരുന്നു. എഡ്‍വിന മൗണ്ട്ബാറ്റൺ, ആൽബർട്ട് ഐൻസ്റ്റീൻ, ജയപ്രകാശ് നാരായണൻ, പദ്മജ നായിഡു, വിജയ് ലക്ഷ്മി പണ്ഡിറ്റ്, അരുണ ആസഫലി, ബാബു ജഗ്ജീവൻ റാം, ഗോവിന്ദ് ബല്ലാഭ് പന്ത് തുടങ്ങിയവരുമായി നെഹ്റു നടത്തിയ ആശയവിനിമയമാണ് ഈ സ്വകാര്യ ശേഖരത്തിലുണ്ടായിരുന്നത്.
1971ൽ നെഹ്റുവിന്റെ മകളും മുൻ പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിരഗാന്ധിയാണ് നെഹ്റുവിന്റെ ഈ സ്വകാര്യ ശേഖരം സൂക്ഷിക്കാൻ മ്യൂസിയത്തെ ഏൽപിച്ചതെന്നും 2008ൽ സോണിയ ഈ കത്തുകൾ കൊണ്ടുപോയതായി രേഖകളിലുണ്ടെന്നും പി.എം.എം.എൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇന്ത്യയുടെ ചരിത്രത്തെ വിമർശനാത്മകമായി സമീപിക്കുന്ന വിലപിടിച്ചരേഖകൾ കൂടിയാണീ കത്തുകൾ. അതിനാലാണ് പി.എം.എം.എൽ കത്തുകൾ തിരികെ ആവശ്യപ്പെടുന്നതെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്. ഈ രേഖകൾ നെഹ്റുവിന്റെ സ്വകാര്യ വസ്തുക്കൾ എന്ന രീതിയിലാണ് അദ്ദേഹത്തിന്റെ കുടുംബം കൈവശം വെക്കുന്നത് എന്നറിയാം. എന്നാൽ അപൂർവമായ ചരിത്ര രേഖകളാണ് ഇതെന്നാണ് പി.എം.എം.എൽ വിശ്വസിക്കുന്നത്. ഗവേഷണം നടത്തുന്നവർക്കും പണ്ഡിതൻമാർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രേഖകളായിരിക്കും ഇവയെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
കത്തുകൾ തിരികെ നൽകണമെന്നാവശ്യപ്പെട്ട് പി.എം.എം.എല്ലിന്റെ കത്ത് വന്നതോടെ ഗാന്ധി കുടുംബത്തെ പരിഹസിച്ച് ബി.ജെ.പി രംഗത്ത് വന്നു. മുൻ പ്രധാനമന്ത്രിയുടെ സ്വകാര്യ കത്തിടപാടുകൾ സൂക്ഷിക്കുന്നതിന് പിന്നിലെ ഉദ്ദേശ്യത്തെ ചോദ്യം ചെയ്ത് ബി.ജെ.പി ഐ.ടി സെൽ ഇൻ ചാർജ് അമിത് മാളവ്യ ആണ് എക്സിൽ പോസ്റ്റിട്ടത്. ഈ കത്തുകൾ വീണ്ടെടുക്കാൻ രാഹുൽ ഗാന്ധി മുൻകൈ എടുക്കുമോയെന്നും മാളവ്യ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.