റീകൗണ്ടിങ് അനുവദിച്ചാൽ ജീവൻ അപകടത്തിലാകുമെന്ന് റിട്ടേണിങ് ഓഫിസർ പറഞ്ഞതായി മമത
text_fieldsകൊൽക്കത്ത: റീകൗണ്ടിങ് അനുവദിച്ചാൽ ജീവൻ അപകടത്തിലെന്ന് നന്ദിഗ്രാം റിട്ടേണിങ് ഓഫിസർ പറഞ്ഞതായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നന്ദിഗ്രാമിലെ തന്‍റെ പരാജയത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് മമത ഉറപ്പിച്ച് പറഞ്ഞു.
'നന്ദിഗ്രാമിലെ റിട്ടേണിങ് ഓഫിസർ മറ്റൊരാൾക്ക് അയച്ച എസ്.എം.എസ് സന്ദേശം എനിക്ക് ലഭിച്ചു. റീകൗണ്ടിങ് അനുവദിക്കുന്നത് തന്‍റെ ജീവൻ തന്നെ അപകടത്തിലാക്കുമെന്നായിരുന്നു സന്ദേശം. നാല് മണിക്കൂർ നേരത്തേക്ക് സെർവർ ഡൗണായത് സംശയാസ്പദമാണ്. ഗവർണർ പോലും തന്നെ വിളിച്ച് അഭിനന്ദനം അറിയിച്ചു. പെട്ടെന്ന് എല്ലാം മാറുകയായിരുന്നു.' മമത വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് കമീഷൻ ഔദ്യോഗികമായി ഫലം പ്രഖ്യാപിച്ച ശേഷം നന്ദിഗ്രാമിലെ ഫലം മാറ്റി പറഞ്ഞതെങ്ങനെയെന്നും മമത ചോദിച്ചു. ഇതിനെതിരെ താൻ കോടതിയെ സമീപിക്കുമെന്നും മമത പറഞ്ഞു.
ദേശീയതലത്തിൽ തന്നെ വലിയ തോതിൽ ശ്രദ്ധ ആകർഷിച്ച മത്സരമായിരുന്നു മമത ബാനർജിയും മമത ബാനർജിയുടെ തന്നെ വിശ്വസ്തനും പിന്നീട് ബി.ജെ.പി സ്ഥാനാർഥിയുമായ സുവേന്ദു അധികാരിയും തമ്മിൽ ഉണ്ടായത്. 1956 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ സുവേന്ദു വിജയിച്ചു.
നന്ദിഗ്രാമിൽ മമത ബാനർജി വിജയിച്ചതായി പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കമീഷനിൽ നിന്നും വ്യക്തമായ ഉത്തരം ലഭിച്ചില്ല. പിന്നീട് സുവേന്ദു അധികാരിക്ക് 1,10,764 വോട്ടുകളും മമതക്ക് 1,08808 വോട്ടുകളും ലഭിച്ചതായി വ്യക്തമാക്കുകയായിരുന്നു.
സമാധാനം പാലിക്കാനും അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്നും തന്‍റെ അനുയായികളോട് മമത അഭ്യർഥിച്ചു. നേരത്തേ നടന്ന കലാപങ്ങളുടേയും മറ്റും ഫോട്ടോകൾ ഉപയോഗിച്ചുകൊണ്ട് ബി.ജെ.പി പ്രകോപനത്തിന് ശ്രമിക്കുന്നുണ്ട്.
എന്നാൽ ഒരു തരത്തിലുള്ള അക്രമവും താൻ ആഗ്രഹിക്കുന്നില്ല. ഇത്രയും വലിയ വിജയം നേടിയിട്ടും ആഹ്ലാദപ്രകടനത്തിൽ നമ്മൾ മുതിർന്നിട്ടില്ല. നമ്മൾ ഒരുമിച്ചാണ് ഈ വിജയം കരസ്ഥമാക്കിയത്. ഇനിയും നമുക്ക് 2024ലെ പോരാട്ടത്തിനായി ഒരുങ്ങാം. എന്നാൽ അതിനുമുൻപ് കോവിഡിനെതിരെ ആദ്യം യുദ്ധം ചെയ്യാം.- മമത പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.