മുൻകൂട്ടി വാങ്ങിവെച്ചത് 22 പുതുപുത്തൻ ലാൻഡ് ക്രൂസറുകൾ; മൂന്നാമൂഴം കിട്ടുമെന്നുകരുതിയ കെ.സി.ആറിന്റെ നീക്കം പാളിയപ്പോൾ...
text_fieldsഹൈദരാബാദ്: തെലങ്കാനയിൽ മൂന്നാമതും ഭരണത്തിലേറുമെന്ന് ഉറച്ചുപ്രതീക്ഷിച്ച മുൻ മുഖ്യമന്ത്രിയും ബി.ആർ.എസ് നേതാവുമായ കെ. ചന്ദ്രശേഖർ റാവു മുൻകൂട്ടി വാങ്ങിവെച്ചത് 22 പുതുപുത്തൻ ലാൻഡ് ക്രൂസർ കാറുകൾ. കെ.സി.ആറിന്റെ പാളിപ്പോയ നീക്കം പരസ്യമാക്കി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി രംഗത്തുവന്നു. നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഇത്രയും ആഡംബര കാറുകൾ വാങ്ങിയത്. ഓരോ കാറിനും മൂന്നുകോടിയിലേറെ രൂപ വില വരുമെന്നാണ് കണക്കാക്കുന്നത്.
ആരുമായും കൂടിയാലോചിക്കാതെയാണ് കെ.സി.ആർ കാറുകൾ വാങ്ങിയതെന്ന് രേവന്ത് റെഡ്ഡി പറഞ്ഞു. ‘മൂന്നാമൂഴം ലഭിക്കുമ്പോൾ ഉപയോഗിക്കുന്നതിന് വേണ്ടി മുൻകൂട്ടി വാങ്ങിവെച്ചതാണിവ. മുഖ്യമന്ത്രിയായി 10 ദിവസം കഴിഞ്ഞാണ് ഇത്രയും കാറുകൾ വാങ്ങിക്കൂട്ടിയ കാര്യം ഞാൻ അറിഞ്ഞത്. അസംബ്ലി തെരഞ്ഞെടുപ്പിനുമുമ്പുതന്നെ ഇവ വാങ്ങിയിട്ടുണ്ട്’’- മുഖ്യമന്ത്രി വ്യക്തമാക്കി.
പഴയ കാറുകൾ അറ്റകുറ്റപ്പണികൾ നടത്തി അവ ഉപയോഗിക്കാനാണ് രേവന്ത് റെഡ്ഡി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുള്ളത്. ‘ആഡംബര വാഹനങ്ങൾക്ക് ഞാൻ പരിഗണന നൽകുന്നില്ല. നിലവിലെ കാറുകൾ അറ്റകുറ്റപ്പണി നടത്തി ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇത്തരത്തിൽ നിർദേശം നൽകിയ വേളയിലാണ് മുൻ സർക്കാർ പുതിയ 22 ലാൻഡ് ക്രൂസർ വാഹനങ്ങൾ വാങ്ങിയിട്ടുണ്ടെന്നും അവ വിജയവാഡയിൽ ഉണ്ടെന്നുമുള്ള വിവരം ലഭിച്ചത്’ -രേവന്ത് റെഡ്ഡി പറഞ്ഞു.
ഭരണം കിട്ടുമ്പോൾ ഉപയോഗിക്കാനായി കെ.സി.ആർ മുൻകൂർ വാങ്ങിവെച്ച ലാൻഡ് ക്രൂസർ കാറുകൾ തെലങ്കാനയിൽ രാഷ്ട്രീയ വിഷയമായി മാറിയിരിക്കുകയാണ്. ‘ഇങ്ങനെയാണ് കെ.സി.ആർ സംസ്ഥാനത്ത് സമ്പത്ത് സൃഷ്ടിക്കുന്നത്’ എന്നാണ് രേവന്തും കോൺഗ്രസും പരിഹസിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.