ശശി തരൂർ ഒരു കഴുതയെന്ന പരാമർശത്തിൽ മാപ്പ് പറഞ്ഞ് തെലങ്കാന പി.സി.സി പ്രസിഡന്‍റ്
text_fieldsന്യൂഡൽഹി: കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂരിനെ അപമാനിച്ചതിന് മാപ്പുപറഞ്ഞ് തെലങ്കാന പി.സി.സി പ്രസിഡന്‍റ് രേവന്ത് റെഡ്ഡി. പരാമർശം പിൻവലിക്കുന്നതായും തന്‍റെ വാക്കുകൾ തരൂരിനെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഖേദം അറിയിക്കുന്നതായും രേവന്ത് റെഡ്ഡി പറഞ്ഞു.
ശശി തരൂരിനെ അപമാനിച്ചതിനെതിരെ നിരവധി കോൺഗ്രസ് നേതാക്കൾ പ്രതിേഷധവുമായി രംഗത്തെത്തിയിരുന്നു. തുടർന്നാണ് രേവന്ത് റെഡ്ഡി മാപ്പുപറഞ്ഞ് രംഗത്തെത്തിയത്.
ശശി തരൂരുമായി സംസാരിക്കുകയും തന്‍റെ പരാമർശം പിൻവലിക്കുന്നുവെന്ന് അറിയിക്കുകയും ചെയ്തു. മുതിർന്ന സഹപ്രവർത്തകനെ ബഹുമാനിക്കുന്നു, അതോടൊപ്പം എന്‍റെ വാക്കുകൾ അദ്ദേഹത്തെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്യുന്നുവെന്നും രേവന്ത് റെഡ്ഡി ട്വീറ്റ് ചെയ്തു.
രേവന്ത് റെഡ്ഡിയുടെ ട്വീറ്റിന് മറുപടിയുമായി ശശി തരൂരും രംഗത്തെത്തി. രേവന്ത് റെഡ്ഡിതന്നെ വിളിച്ച് മാപ്പ് ചോദിച്ചുവെന്നും അത് താൻ സ്വീകരിക്കുന്നുവെന്നും തരൂർ പറഞ്ഞു. തെലങ്കാനയിലും രാജ്യത്തുടനീളവും കോൺഗ്രസിനെ ശക്തിപ്പെടുത്താൻ ഒരുമിച്ച് പ്രവർത്തിക്കാമെന്നും അദ്ദേഹം കുറിച്ചു.
ശശി തരൂർ ഒരു കഴുതയാണെന്നും അദ്ദേഹത്തെ ഉടൻ പാർട്ടിയിൽനിന്ന് പുറത്താക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നുമായിരുന്നു രേവന്ത് റെഡ്ഡിയുടെ പരാമർശം. തരൂരിന്‍റെ ഹൈദരാബാദ് സന്ദർശനത്തോടനുബന്ധിച്ചായിരുന്നു പരാമർശം.
ഇതുസംബന്ധിച്ച് റിപ്പോർട്ട് 'ന്യൂ ഇന്ത്യൻ എക്സ്പ്രസ്' റിപ്പോർട്ട് ചെയ്തതോടെ മുതിർന്ന കോൺഗ്രസ് നേതാക്കളായ മനീഷ് തിവാരി, രാജീവ് അറോറ തുടങ്ങിയവർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പരാമർശം പിൻവലിച്ച് മാപ്പുപറയണമെന്നായിരുന്നു ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.