രേവന്ത് റെഡ്ഡി: തെലങ്കാന കോൺഗ്രസിന് സമ്മാനിച്ച ക്രൗഡ് പുള്ളർ
text_fieldsമൂന്നാം തവണയും തെലങ്കാനയിൽ അധികാരത്തിലേറാമെന്ന ചന്ദ്രശേഖർ റാവുവിന്റെ മോഹം നിഷ്പ്രഭമായത് ഒരാളുടെ മുന്നിലാണ്. കോൺഗ്രസിനെ മുന്നിൽനിന്ന് നയിച്ച അനുമൂല രേവന്ത് റെഡ്ഡി എന്ന 54കാരന് മുന്നിൽ. രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾക്കൊപ്പം തോളോട് തോൾ ചേർന്ന് രാപ്പകലില്ലാതെ അദ്ദേഹം നടത്തിയ പരിശ്രമത്തിന്റെ ഫലമാണ് തെലങ്കാനയിലെ വിജയം.
ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തെതുടര്‍ന്ന് പി.സി.സി അധ്യക്ഷനായിരുന്ന ഉത്തംകുമാര്‍ റെഡ്ഢി രാജിവെച്ചതിനെ തുടർന്ന് 2021ലാണ് പാർട്ടി അധ്യക്ഷനായി രേവന്ത് റെഡ്ഡി എത്തുന്നത്. അന്നുമുതൽ കെ.സി.ആറിനോട് നേർക്കുനേർ പോരാടിയാണ് തെലങ്കാനയിലെ ജനങ്ങളെ അദ്ദേഹം പാർട്ടിക്കൊപ്പം കൂട്ടിയത്.
ഭരണകക്ഷിയായ ഭാരത് രാഷ്ട്ര സമിതിയുടെ (ബി.ആർ.എസ്) മുഖ്യ എതിരാളിയായി ബി.ജെ.പി മാറുമെന്ന നിലവരെ എത്തിയ ഘട്ടത്തിലാണ് രേവന്ത് റെഡ്ഡി പാർട്ടിയെ ഒറ്റക്ക് ചുമലിലേറ്റിയത്. പിന്നീട് ജനമൊന്നാകെ അദ്ദേഹത്തെ പിന്തുണക്കുന്ന കാഴ്ചയായിരുന്നു തെരഞ്ഞെടുപ്പ് പ്രചരണത്തിലുടനീളം കാണാനായത്. സമരങ്ങളിലൂടെയും റാലികളിലൂടെയും മറ്റും ആൾക്കൂട്ടങ്ങൾക്കൊപ്പം നിന്ന് അവരിലൊരാളും യുവാക്കളുടെ ഹീറോയുമായി അദ്ദേഹം രചിച്ചത് പുതുചരിത്രം കൂടിയാണ്. മുഖ്യമന്ത്രി പദവിയിലേക്ക് കോൺഗ്രസിന് മുന്നിൽ ആ പേരല്ലാതെ മറ്റൊന്നില്ല.
പഠനകാലത്ത് ബി.ജെ.പിയുടെ വിദ്യാർഥി സംഘടനയായ എ.ബി.വി.പിയുമായി സഹകരിച്ച് പ്രവർത്തിച്ചിരുന്ന അദ്ദേഹം പിന്നീട് സംഘ്പരിവാർ ആശയം വിട്ട് തെലുഗുദേശം പാർട്ടിയിലേക്ക് ചേക്കേറി. 2009, 2014 വർഷങ്ങളിൽ കൊടങ്കലിൽ നിന്നുള്ള ടി.ഡി.പി എം.എൽ.എയായി. 2017ലാണ് കോൺഗ്രസിലെത്തുന്നത്. 2019ൽ രാജ്യത്തെ ഏറ്റവും കൂടുതൽ വോട്ടർമാരുള്ള മൽകജ്ഗിരി ലോക്‌സഭാ മണ്ഡലത്തിൽനിന്ന് മത്സരിച്ച് പാർലമെന്റിലുമെത്തി.
നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിൽ കോൺഗ്രസ് മുന്നേറ്റം പ്രകടമായതോടെ രാവിലെ മുതല്‍ രേവന്ത് റെഡ്ഡിയുടെ വീടിന് മുന്നിലും തെലങ്കാനയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തും പ്രവര്‍ത്തകര്‍ ആഘോഷമാരംഭിച്ചിരുന്നു. ഇതിനുപിന്നാലെ വാഹനത്തില്‍ റോഡ് ഷോ നടത്തിയാണ് പ്രവർത്തകർക്കൊപ്പം വിജയം ആഘോഷമാക്കിയത്. മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും ജയമുറപ്പിക്കുമ്പോൾ രക്തസാക്ഷികളുടെയും നാലു കോടിയിലധികം വരുന്ന ജനങ്ങളുടെയും സ്വപ്ന സാക്ഷാത്കാരത്തിനുള്ള സമയമാണ് ഇതെന്ന കുറിപ്പാണ് അദ്ദേഹം പങ്കുവെച്ചത്. തെലങ്കാന സംസ്ഥാനമെന്ന ആവശ്യവുമായി ആത്മഹത്യ ചെയ്ത ശ്രീകാന്ത് ചാരിയെന്ന രക്തസാക്ഷിയുടെ ചിത്രത്തോടൊപ്പമുള്ള ആ കുറിപ്പിലുണ്ട് രേവന്ത് റെഡ്ഡിയെന്ന കോൺഗ്രസുകാരന്റെ ജനകീയ രാഷ്ട്രീയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.