തെലങ്കാനയിൽ രേവന്ത് ഇന്ന് അധികാരമേൽക്കും
text_fieldsഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രിയായി സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ എ. രേവന്ത് റെഡ്ഡി ഇന്ന് സ്ഥാനമേൽക്കും. ഉച്ചക്ക് 1.04ന് ലാൽബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങ്. മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യുമോയെന്ന് വ്യക്തമായിട്ടില്ല. ചീഫ് സെക്രട്ടറി എ. ശാന്തികുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ ഒരുക്കം വിലയിരുത്തി. മൽക്കാജ്ഗിരി ലോക്സഭ മണ്ഡലത്തിൽ നിന്നുള്ള എം.പിയായ രേവന്ത് ബുധനാഴ്ച വൈകീട്ട് രാജി സമർപ്പിച്ചു.
കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സൻ സോണിയ ഗാന്ധി ചടങ്ങിൽ പങ്കെടുത്തേക്കും. ഒരുപക്ഷേ എത്തിയേക്കുമെന്നാണ് സോണിയ ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. ഡൽഹിയിലെത്തിയ രേവന്ത് റെഡ്ഡി എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുമായി ചർച്ച നടത്തി.
2014ൽ സംസ്ഥാനം രൂപവത്കരിച്ചത് മുതൽ ഭരിച്ച ബി.ആർ.എസിനെ മലർത്തിയടിച്ചാണ് 64 സീറ്റുകളുമായി കോൺഗ്രസ് തെലങ്കാനയിൽ ഭരണം പിടിച്ചെടുത്തത്. മുഖ്യമന്ത്രിയാകാൻ പോകുന്ന രേവന്തിനെ രാഹുൽ ഗാന്ധി അഭിനന്ദിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കോൺഗ്രസ് നൽകിയ ഉറപ്പുകൾ യാഥാർഥ്യമാക്കുമെന്നും ജനങ്ങൾക്കു വേണ്ടിയുള്ള സർക്കാർ കെട്ടിപ്പടുക്കുമെന്നും രാഹുൽ എക്സിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.