പ്രധാനമന്ത്രിയുടെ വിദേശയാത്ര ബില്ലുകൾ രഹസ്യമല്ലെന്ന് വിവരാവകാശ കമീഷൻ
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്ര ബില്ലുകളുമായി ബന്ധപ്പെട്ട എല്ലാ രേഖകളും എയർ ഇന്ത്യ വെളിപ്പെടുത്തണമെന്ന് മുഖ്യ വിവരാവകാശ കമീഷൻ. പണം ചെലവാക്കിയത് സർക്കാർ ഖജനാവിൽ നിന്നാണെന്നിരിക്കേ, പല ന്യായങ്ങൾ നിരത്തി ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ എയർ ഇന്ത്യക്ക് കഴിയില്ലെന്ന് കമീഷണർ അമിതവ ഭട്ടാചാര്യ ഒാർമിപ്പിച്ചു.
വാണിജ്യപരമായ രഹസ്യാത്മകത, പൊതുമേഖല സ്ഥാപനത്തിെൻറ വിശ്വസ്തത തുടങ്ങി എയർ ഇന്ത്യയുടെ വിവരാവകാശ ഒാഫിസർ ഉന്നയിച്ച ന്യായവാദങ്ങൾ വിവരാവകാശ കമീഷൻ തള്ളി. പ്രധാനമന്ത്രിയുടെ യാത്ര തീയതി, താമസിച്ച ദിവസങ്ങൾ, സന്ദർശിച്ച സ്ഥലങ്ങൾ എന്നിവയൊക്കെ വെളിപ്പെടുത്തുന്നതിൽ അപാകതയില്ല. ഇതൊക്കെ മാധ്യമങ്ങളിലൂടെ എല്ലാവരുമായി പങ്കുവെക്കുന്നുണ്ട്. ഒാരോ ഇനത്തിലും ചെലവായ തുകയും രസീതിയുമൊക്കെ പൊതുജനങ്ങളുടെ അറിവിലേക്ക് നൽകേണ്ടതു തന്നെയാണ്. പൊതുപണമാണ് പ്രധാനമന്ത്രി ഒൗദ്യോഗിക യാത്രകൾക്ക് ചെലവാക്കുന്നത്.
എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് പ്രധാനമന്ത്രി വിദേശയാത്ര നടത്തുന്നത്. 2016-17 കാലയളവിൽ ഇൗയിനത്തിൽ എയർ ഇന്ത്യ പ്രധാനമന്ത്രിയുടെ ഒാഫിസിലേക്ക് കൈമാറിയ ബില്ലുകളുടെയും മറ്റും വിശദാംശങ്ങൾ തേടി ലോകേഷ് ബത്രയാണ് വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയത്. വിവരങ്ങൾ നൽകുന്നതിൽനിന്ന് കാരണം കൂടാതെ ഒഴിഞ്ഞുമാറുന്നത് അംഗീകരിക്കാനാവില്ലെന്ന് കമീഷൻ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ വിദേശയാത്ര സംബന്ധിച്ച വിവരങ്ങൾ പങ്കുവെക്കരുതെന്ന് പ്രധാനമന്ത്രിയുടെ ഒാഫിസ് നിർദേശിച്ചിട്ടുണ്ടെന്ന് നേരത്തെ മറ്റൊരു വിവരാവകാശ അപേക്ഷക്കുള്ള മറുപടിയിൽ എയർ ഇന്ത്യ വിശദീകരിച്ചിരുന്നു. 2016 ഡിസംബർ 16ന് എയർ ഇന്ത്യക്ക് പ്രധാനമന്ത്രിയുടെ ഒാഫിസ് അയച്ച ഇ-മെയിലിലാണ് ഇക്കാര്യം പറഞ്ഞത്. സുരക്ഷാപരമായ പ്രശ്നങ്ങളുണ്ടാകുമെന്നായിരുന്നു ന്യായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.