യു.പിയിൽ പ്രതികാര പൊളിക്കലിന് വീണ്ടും നീക്കം
text_fieldsലഖ്നോ/ കൊൽക്കത്ത: നിയമം വളച്ചൊടിച്ചും കള്ളംപറഞ്ഞും പ്രതിഷേധക്കാരുടെ വീടു പൊളിച്ച ഉത്തർപ്രദേശ് സർക്കാർ വീണ്ടും തകർക്കൽ നീക്കവുമായി രംഗത്ത്.
പ്രവാചകനിന്ദക്കെതിരെ പ്രതിഷേധിച്ചതിന് കേസിൽപെടുത്തിയ 37 പേർക്കെതിരെ കൂടി സമാന നടപടി എടുക്കുമെന്ന് പ്രയാഗ് രാജ് നഗരഭരണകൂടം സൂചന നൽകി. പ്രതി ചേർക്കപ്പെട്ട 37 പേരുടെ വീടുകൾ കണ്ടെത്താൻ നടപടി ആരംഭിച്ചുവെന്നും ഇവരുടെ ബിൽഡിങ് പ്ലാൻ അംഗീകരിക്കപ്പെട്ടതല്ലെങ്കിൽ നിയമപ്രകാരമുള്ള നടപടിയെടുക്കുമെന്നും പ്രയാഗ് രാജ് ഡെവലപ്മെന്റ് അതോറിറ്റി (പി.ഡി.എ) ചൊവ്വാഴ്ച വ്യക്തമാക്കി.
'ആരോപണവിധേയരായ 37 പേരുടെ വീടുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പി.ഡി.എ. കല്ലേറിനുശേഷം മിക്ക വീട്ടുകാരും വീടടച്ച് സ്ഥലം വിട്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ യഥാർഥ വീടുകൾ ഏതാണെന്ന് കണ്ടെത്തൽ ബുദ്ധിമുട്ടാണ്'-പി.ഡി.എ മേഖല ഓഫിസർ അജയ്കുമാർ വിശദീകരിച്ചു. ഇത്തരം വീടുകൾ കണ്ടെത്താൻ ഇടറോഡുകളിലടക്കം പരിശോധന നടത്തുകയാണെന്നും കണ്ടെത്തിയാൽ, നിർമാണ അനുമതി ലഭിച്ചതാണോ എന്ന് നോക്കുമെന്നും അനുമതിയില്ലാത്തതാണെങ്കിൽ നിയമപ്രകാരമുള്ള നടപടി എടുക്കുമെന്നും അജയ്കുമാർ വിശദീകരിച്ചു.
ബി.ജെ.പി നേതാക്കളുടെ പ്രവാചകനിന്ദ പരാമർശങ്ങളിൽ പ്രതിഷേധിച്ച് പ്രയാഗ് രാജിലും സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും വെള്ളിയാഴ്ചയാണ് പ്രക്ഷോഭം അരങ്ങേറിയത്. ഇതിനുപിന്നാലെ, അക്രമങ്ങൾക്ക് നേതൃത്വം നൽകിയെന്ന് ആരോപിച്ച് ജെ.എൻ.യു വിദ്യാർഥി അഫ്രീൻ ഫാത്തിമ, പിതാവും വെൽഫെയർ പാർട്ടി നേതാവുമായ ജാവേദ് അഹ്മദ് എന്നിവരുടെ വീട് പ്രയാഗ് രാജ് ഡെവലപ്മെന്റ് അതോറിറ്റി ബുൾഡോസർ ഉപയോഗിച്ച് തകർക്കുകയുണ്ടായി. നിർമാണാനുമതിയില്ലാത്ത കെട്ടിടങ്ങളാണ് തകർക്കുന്നതെന്നും ഉടമകളെ മുൻകൂട്ടി അറിയിച്ചുവെന്നുമുള്ള കള്ളങ്ങൾ പ്രചരിപ്പിച്ചാണ് അധികൃതർ വീടു തകർത്തതെന്ന് ജാവേദ് അഹ്മദും കുടുംബവും ചൂണ്ടിക്കാട്ടി. ഇക്കാര്യം സൂചിപ്പിച്ച് ഇദ്ദേഹത്തിന്റെ അഭിഭാഷകർ അലഹബാദ് ഹൈകോടതിയിൽ ഹരജി നൽകിയിട്ടുണ്ട്.
പ്രയാഗ് രാജിലെ കരേലി മേഖലയിലുള്ള ജാവേദ് അഹ്മദിന്റെ വീടിന് ബിൽഡിങ് പ്ലാൻ ലഭിച്ചിട്ടില്ലെന്ന ഭരണകൂടത്തിന്റെ പ്രചാരണം ശരിയല്ലെന്ന് ഹരജി ചൂണ്ടിക്കാണിക്കുന്നു.
കഴിഞ്ഞ മേയ് 10ന് നോട്ടീസ് നൽകി, 24നകം വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ വീട്ടുടമ വിശദീകരണം നൽകിയില്ലെന്നുമാണ് അധികൃതർ പ്രചരിപ്പിക്കുന്നത്. ഇത് കള്ളമാണെന്നു പറഞ്ഞ അഭിഭാഷകർ, ജാവേദ് അഹ്മദ് അല്ല വീടിന്റെ ഉടമസ്ഥനെന്നും അദ്ദേഹത്തിന്റെ ഭാര്യക്ക് കുടുംബപരമായി ലഭിച്ചതാണെന്നും ചൂണ്ടിക്കാട്ടി.
കേസിലുൾപ്പെട്ട അഹ്മദിന്റെ പേരിലല്ലാതിരുന്നിട്ടും വീട് തകർത്തത് നിയമവിരുദ്ധമാണ്. മുൻതീയതി നൽകി ജൂൺ 11ന് വീടിനു മുന്നിൽ നോട്ടീസ് പതിച്ച് മണിക്കൂറുകൾക്കകം തകർത്തുവെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടി. അതേസമയം, പ്രവാചകനിന്ദ പ്രതിഷേധത്തിൽ പങ്കെടുത്തതിന് യു.പിയിൽ അറസ്റ്റിലായവരുടെ എണ്ണം 337 ആയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.