തിരുനെൽവേലിയിൽ പ്രതികാരക്കൊല; കോടതിക്കടുത്ത് യുവാവിനെ വെട്ടിക്കൊന്നു
text_fieldsചെന്നൈ: തിരുനെൽവേലി ജില്ല കോടതി പരിസരത്തുവെച്ച് പട്ടാപ്പകൽ യുവാവിനെ വെട്ടിക്കൊന്നു. തിരുനെൽവേലി പാളയംകോട്ട കീഴ്നടത്തം സ്വദേശി ഷൺമുഖവേലിന്റെ മകൻ മായാണ്ടി എന്ന പല്ലു മായാണ്ടിയാണ് (28) കൊല്ലപ്പെട്ടത്.
സംഭവത്തോടനുബന്ധിച്ച് ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പൂർവവൈരാഗ്യമാണ് കാരണം. 2023 ആഗസ്റ്റിൽ കീഴ്നത്തത്തിൽ പിന്നാക്ക സമുദായാംഗമായ രാജാമണിയെ (33) ഒരു സംഘമാളുകൾ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഇതിൽ മായാണ്ടി, ഇസക്കി എന്നിവർ അറസ്റ്റിലായി. ഇതിലുള്ള പകവീട്ടലെന്ന നിലയിലാണ് ആക്രമണം നടന്നത്. നിരവധി കേസുകളിൽ പ്രതിയാണ് മായാണ്ടി.
ഒരു കേസിന്റെ വിചാരണക്കായി വെള്ളിയാഴ്ച സഹോദരൻ മാരിശെൽവത്തിനൊപ്പം ബൈക്കിലാണ് മായാണ്ടി കോടതിയിലെത്തിയത്.
കെ.ടി.സി നഗർ- തിരുച്ചെന്തൂർ റോഡിലെ കോടതിക്ക് മുന്നിൽവെച്ച് കേരള രജിസ്ട്രേഷൻ കാറിൽനിന്നിറങ്ങിയ സായുധസംഘത്തെ കണ്ടയുടൻ മായാണ്ടിയും മാരിശെൽവനും ബൈക്ക് ഉപേക്ഷിച്ച് ഓടി. ഇവരെ പിന്തുടർന്ന സായുധ സംഘം മായാണ്ടിയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പ്രതികൾ കാറിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കവേ സ്ഥലത്തുണ്ടായിരുന്ന ഒരു അഭിഭാഷകനും പൊലീസുകാരനും ചേർന്ന് സംഘത്തിൽപ്പെട്ട കീഴ്നത്തം ഇന്ദിര കോളനി രാമകൃഷ്ണനെ കീഴടക്കി.
ഇയാളെ ചോദ്യം ചെയ്തും സി.സി.ടി.വി പരിശോധിച്ചുമാണ് മറ്റു പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ രാമകൃഷ്ണൻ, ശിവ, മനോരാജ്, തങ്ക മഹേഷ്, സുരേഷ്, മനോജ് എന്നിവരിൽ നിന്ന് വടിവാളുകളും തോക്കും കാറും പൊലീസ് പിടിച്ചെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.