'കോൺഗ്രസിന്‍റെ പുനരുജ്ജീവനം തുടങ്ങി'; ഖാർഗെയെ അഭിനന്ദിച്ച് ശശി തരൂർ
text_fieldsന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട മല്ലികാർജുൻ ഖാർഗെയെ അഭിനന്ദിച്ച് ശശി തരൂർ എം.പി. അന്തിമ ഫലം ഖാർഗെക്ക് അനുകൂലമായിരുന്നെന്ന് തരൂർ പ്രതികരിച്ചു.
'പാർട്ടി പ്രതിനിധികളുടെ തീരുമാനം അന്തിമമാണ്, ഞാൻ അത് വിനയപൂർവം അംഗീകരിക്കുന്നു. പാർട്ടി പ്രവർത്തകരെ അവരുടെ പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ അനുവദിക്കുന്ന ഒരു പാർട്ടിയിൽ അംഗമാകുക എന്നത് ഒരു വലിയ കാര്യമാണ്' -തരൂർ പ്രസ്താവനയിൽ പറഞ്ഞു.
24 വർഷത്തിന് ശേഷമാണ് നെഹ്റു കുടുംബത്തിന് പുറത്തുനിന്നുള്ള ഒരാൾ കോൺഗ്രസ് അധ്യക്ഷനാകുന്നത്. ഖാർഗെ 7897 വോട്ട് നേടിയപ്പോൾ ശശി തരൂരിന് 1072 വോട്ട് മാത്രമാണ് നേടാനായത്. ഞങ്ങളുടെ പുതിയ പ്രസിഡന്റ് പാർട്ടിയിലെ സഹപ്രവർത്തകനും മുതിർന്ന ആളുമാണ്, അദ്ദേഹത്തിന്‍റെ നേതൃത്വപാടവവും അനുഭവപരിചയവും പാർട്ടിക്ക് മുതൽക്കൂട്ടാകും. ഖാർഗെയുടെ മാർഗനിർദേശപ്രകാരം, നമുക്കെല്ലാവർക്കും കൂട്ടായി പാർട്ടിയെ പുതിയ ഉയരങ്ങളിൽ എത്തിക്കാൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ടെന്നും തരൂർ പറഞ്ഞു.
കാൽ നൂറ്റാണ്ട് പാർട്ടിയെ നയിക്കുകയും നിർണായക നിമിഷങ്ങളിൽ ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്ത സ്ഥാനമൊഴിയുന്ന പ്രസിഡന്റ് സോണിയാ ഗാന്ധിയോട് പാർട്ടിക്ക് നികത്താനാവാത്ത കടപ്പാടുണ്ട്. സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കിയതിന് രാഹുൽ ഗാന്ധിയോടും പ്രിയങ്ക ഗാന്ധിയോടും തരൂർ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.