തിയറ്ററുകളിൽ മുഴുവൻ സീറ്റുകളിലും കാണികളെ അനുവദിച്ച തമിഴ്നാടിന്റെ ഉത്തരവ് ഉടൻ പിൻവലിക്കണമെന്ന് കേന്ദ്രം
text_fieldsന്യൂഡൽഹി: തിയറ്ററുകളിൽ മുഴുവൻ സീറ്റുകളിലും കാണികളെ അനുവദിച്ച് തമിഴ്നാട് സർക്കാർ പുറത്തിറക്കിയ ഉത്തരവ് ഉടൻ പിൻവലിക്കണമെന്ന് കേന്ദ്രസർക്കാർ. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തമിഴ്നാട് സർക്കാറിന് കത്തയച്ചു. തമിഴ്നാട്ടിലെ എ.ഐ.ഡി.എം.കെ സർക്കാർ തിയറ്ററുകളിൽ മുഴുവൻ സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കാമെന്ന് ഉത്തരവിറക്കിയിരുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ അൺലോക്ക് മാനദണ്ഡങ്ങൾ പ്രകാരം തിയറ്ററുകളിൽ 50 ശതമാനം ആളുകളെ പ്രവേശിപ്പിക്കാനാണ് അനുമതിയുള്ളത്. കണ്ടൈൻമെന്‍റ് സോണിന് പുറത്ത് മാത്രമേ തിയറ്റർ തുറക്കാവു. ഈ ഉത്തരവ് ജനുവരി 31 വരെ നിലവിലുണ്ടെന്ന് ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല തമിഴ്നാട് സർക്കാറിനെ ഓർമിപ്പിച്ചു.
സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങളിലെ സർക്കാറുകൾക്ക് കേന്ദ്രസർക്കാറിന്‍റെ ഉത്തരവിൽ ഇളവ് അനുവദിക്കാൻ അധികാരമില്ല. സുപ്രീംകോടതിയും കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് നിർദേശിക്കുന്നുണ്ടെന്നും കേന്ദ്രസർക്കാർ തമിഴ്നാട് സർക്കാറിന് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി. പൊങ്കലിനോട് അനുബന്ധിച്ച് തിയറ്ററുകളിലെ മുഴുവൻ സീറ്റുകളിലും പ്രവേശനം അനുവദിക്കണമെന്ന് നിരവധി സിനിമ താരങ്ങൾ തമിഴ്നാട് സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. വിജയ് ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.