കർണാടക തെരഞ്ഞെടുപ്പ്: സ്ഥാനാർഥി നിർണയത്തിൽ സമ്മർദമെന്ന് ബി.എസ് യെദിയൂരപ്പ
text_fieldsബംഗളൂരു: മെയ് 10ന് നടക്കുന്ന കർണാടക നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ നിർണയത്തിന് മുമ്പ് തന്നെ മൂന്ന് ഡസനിലധികം സീറ്റുകളിൽ ബി.ജെ.പി വിമതശല്യം നേരിടുന്നതായി റിപ്പോർട്ട്. സ്ഥാനാർഥി തെരഞ്ഞെടുക്കുന്നതിൽ വലിയ സമ്മർദമുണ്ടെന്ന് ബി.ജെ.പി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയംഗം ബി.എസ് യെദിയൂരപ്പ പറഞ്ഞു. ജയസാധ്യതയുള്ള സീറ്റുകളിൽ മൂന്ന് മുതൽ അഞ്ച് വരെ സ്ഥാനാർഥികളുണ്ട്. ഓരോ മണ്ഡലത്തിലും രണ്ട്, മൂന്ന് പേരുകൾ ഉൾപ്പെടുന്ന ഷോർട്ട്‌ലിസ്റ്റ് തയാറാക്കിയിട്ടുണ്ട്. വിജയസാധ്യതയും കേന്ദ്ര നേതൃത്വത്തിന്‍റെ നിർദേശവും പരിഗണിച്ച് അന്തിമ സ്ഥാനാർഥികളെ പ്രഖ്യാപിക്കും. രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ പട്ടിക പുറത്തുവരുമെന്നും യെദിയൂരപ്പ വ്യക്തമാക്കി.
കൂടുതൽ ചർച്ചകൾക്കായി യെദ്യൂരപ്പയും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും ന്യൂഡൽഹിയിലേക്ക് പുറപ്പെട്ടു. ശനിയാഴ്ച ആരംഭിക്കുന്ന യോഗങ്ങളിൽ സ്ഥാനാർഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനമാകും. കുറഞ്ഞത് 40 സീറ്റുകളിലെങ്കിലും ബി.ജെ.പിക്ക് ഒന്നിലധികം സ്ഥാനാർഥികളുണ്ട്. അവരിൽ ചിലർ സീറ്റ് നിഷേധിച്ചാൽ വിമത ഭീഷണി മുഴക്കും.
ബി.ജെ.പിയെ അധികാരത്തിലെത്താൻ സഹായിച്ച 2019ലെ കൂറുമാറ്റത്തിന് നിർണായക പങ്കുവഹിച്ച മുൻ മന്ത്രി രമേഷ് ജാർക്കിഹോളി തന്‍റെ അനുയായികൾക്കായി കഗ്വാദ്, അത്താണി, ബെൽഗാം റൂറൽ എന്നീ മൂന്ന് സീറ്റുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. തന്റെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ മത്സരിക്കില്ലെന്ന് ഭീഷണിയും ജാർക്കിഹോളി ഉയർത്തിയിട്ടുണ്ട്.
സീറ്റ് ലഭിച്ചില്ലെങ്കിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് റാണെബെന്നൂരിൽ ബി.ജെ.പി എം.എൽ.എ ആർ. ശങ്കർ ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്. കുടുംബവാഴ്ചയെ പരിഹസിച്ച ബി.ജെ.പി, ഇപ്പോൾ സീറ്റ് ആവശ്യപ്പെട്ട് വരുന്ന സിറ്റിങ് എം.എൽ.എമാരുടെ സഹോദരങ്ങളുടെ പുറകെയാണ്.
ബാഗൽകോട്ട് എം.എൽ.എ വീരണ്ണ ചരന്തിമഠത്തിന്റെ സഹോദരൻ മല്ലികാർജുൻ ചരന്തിമഠത്തിനും വ്യവസായ മന്ത്രി മുരുഗേഷ് നിരാണിയുടെ സഹോദരൻ സംഘമേഷ് നിരാണിക്കും സിറ്റിങ് എം.എൽ.എ കൽക്കപ്പ ബന്ദിയുടെ സഹോദരൻ സിദ്ധപ്പക്കും സീറ്റ് വേണം. കോൺഗ്രസിന്റെ എം.വൈ പാട്ടീലിന്റെ അസ്ഫൽപൂർ സീറ്റിൽ രണ്ട് ബി.ജെ.പി സ്ഥാനാർഥികളാണ് രംഗത്തുള്ളത്.
18 സീറ്റുകളുള്ള ബംഗളൂരുവിന് പുറത്തുള്ള ഏറ്റവും വലിയ ജില്ലയായ ബെലഗാവിയിൽ, അന്തരിച്ച ഉമേഷ് കട്ടിയുടെ സീറ്റ് സഹോദരനോ മകനോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. അതേസമയം, ബി.ജെ.പി എം.എൽ.എ രാമപ്പ ലാമണിക്ക് എതിർപ്പുണ്ടെന്ന് റിപ്പോർട്ടുണ്ട്. ലാമണിക്ക് പകരക്കാരനെ കണ്ടെത്താനായി പ്രവർത്തകർ സേവ് ബി.ജെ.പി കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്.
കനകഗിരി, ധാർവാഡ്, മുദിഗെരെ, സൊറാബ്, ബ്യാദ്ഗി എന്നിവിടങ്ങളിലും സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഗുണ്ട്‌ലുപേട്ടിലും ഹോസ്ദുർഗയിലും സിറ്റിങ് എം.എൽ.എമാർക്കെതിരെ ഒന്നിലധികം സീറ്റ് മോഹികൾ ബി.ജെ.പിയിലുണ്ട്. എം.എൽ.എമാരായ എസ്.എ രവീന്ദ്രനാഥും ഹാലാഡി ശ്രീനിവാസ് ഷെട്ടിയും വിരമിക്കൽ പ്രഖ്യാപിച്ച ദാവംഗരെ നോർത്തിലും കുന്ദാപുരയിലും സമാന അവസ്ഥയാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.