കൊൽക്കത്ത ബലാത്സംഗ കേസ്; പ്രതികള്‍ക്ക് ജാമ്യം നൽകിയതിൽ പ്രതിഷേധം
text_fieldsകൊല്‍ക്കത്ത: കൊൽക്കത്തയിലെ ആർ.ജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ വീണ്ടും പ്രതിഷേധം. പ്രതികളായ രണ്ട് പേര്‍ക്ക് ജാമ്യം ലഭിതച്ചതിന് പിന്നാലെയാണ് പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടികൾ തെരുവിലിറങ്ങിയത്. കേസില്‍ നീതി ലഭ്യമാക്കുന്നതില്‍ സി.ബി.ഐ പരാജയപ്പെട്ടുവെന്നും വിഷയത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസും ബി.ജെ.പിയും മൗന ധാരണയിലാണെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.
ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ആർ.ജി കാർ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ്, ടല പൊലീസ് സ്റ്റേഷൻ മുൻ ഓഫിസര്‍ അഭിജിത് മൊണ്ഡൽ എന്നിവര്‍ക്കാണ് കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചത്. കൊല്‍ക്കത്തയിലെ സീല്‍ദാ കോടതിയാണ് പ്രതികള്‍ക്ക് ജാമ്യം നൽകിയത്. 90 ദിവസത്തിനുള്ളില്‍ ഇവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാൻ സി.ബി.ഐ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നടപടി.
രബീന്ദ്ര സദൻ ഏരിയയില്‍ നിന്നും തെക്കൻ കൊല്‍ക്കത്തയിലെ നിസാം പാലസിലുള്ള സി.ബി.ഐ ഓഫിസിലേക്കായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധ മാര്‍ച്ച്. പ്രതിഷേധക്കാരെ നിസാം പാലസിലേക്ക് കടക്കാൻ പൊലീസ് അനുവദിച്ചില്ല. തുടർന്ന് പ്രദേശത്ത് പൊലീസും പ്രതിഷേധക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി.
വെസ്റ്റ് ബംഗാൾ ജൂനിയർ ഡോക്‌ടേഴ്‌സ് ഫ്രണ്ടും പ്രതിഷേധ റാലി സംഘടിപ്പിച്ചു. കോളജില്‍ കൊല്ലപ്പെട്ട ഡോക്‌ടറുടെ മാതാപിതാക്കളും റാലിയുടെ ഭാഗമായി. നീതിക്ക് വേണ്ടി തങ്ങള്‍ പോരാടുമെന്നും അത് തങ്ങളുടെ അവകാശമാണെന്നും ഡോക്‌ടറുടെ അമ്മ പറഞ്ഞു.
ആഗസ്റ്റ് 9 നാണ് ആ.ർ ജി കാർ മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിൽ നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന ജൂനിയർ ഡോക്‌ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. റെസ്പിറേറ്ററി മെഡിസിൻ വിഭാഗത്തിലെ രണ്ടാം വർഷ പി.ജി വിദ്യാർഥിയായ 31കാരിയാണ് കൊല്ലപ്പെട്ടത്. സംഭവം രാജ്യത്തുടനീളം വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു . ഇരയ്‌ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പശ്ചിമ ബംഗാളിൽ ഉടനീളം ഡോക്ടർമാർ ആഴ്ചകളോളം പണിമുടക്ക് നടത്തിയിരുന്നു. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയ്‌ക്കായി ആശുപത്രികളിൽ കർശനമായ സുരക്ഷാ നടപടികൾ ഏർപ്പെടുത്തണമെന്നും ആവശ്യം ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.