സുശാന്ത് സിങ് മയക്കുമരുന്ന് കേസിൽ റിയയും ഷോവിക്കുമുൾപെടെ 33 പേരെ പ്രതികളാക്കി കുറ്റപത്രം
text_fieldsമുംബൈ: മുംബൈയിലെ ഫ്ലാറ്റിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ നടി റിയ ചക്രവർത്തി, സഹോദരൻ ഷോവിക് ചക്രവർത്തി, സുശാന്തിന്‍റെ വീട്ടുവേലക്കാരൻ തുടങ്ങി 33 പേരെ പ്രതികളാക്കി നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ കുറ്റപത്രം സമർപിച്ചു. 2020 ജൂണിൽ സുശാന്ത് മരിച്ച് ഒമ്പതു മാസത്തോളം കഴിഞ്ഞാണ് മുംബൈയിലെ പ്രത്യേക കോടതിക്കു മുമ്പാകെ കുറ്റപത്രം സമർപ്പിക്കുന്നത്. കഴിഞ്ഞ വർഷം ആഗസ്റ്റിൽ എഫ്.ഐ.ആർ സമർപിച്ചിരുന്നു. ഇതു കഴിഞ്ഞ് ആറു മാസത്തിനിടെ കുറ്റപത്രം സമർപിച്ചിരിക്കണമെന്നാണ് വ്യവസ്ഥ.
12,000 പേജുള്ള കുറ്റപത്രത്തിൽ 200 ഓളം പേരുടെ സാക്ഷിമൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഡിജിറ്റൽ രൂപത്തിലാക്കി കോടതിയിൽ സമർപിച്ച കുറ്റപത്രത്തിന്‍റെ പ്രതി കുറ്റം ചുമത്തപ്പെട്ടവർക്കും കൈമാറും.
കഴിഞ്ഞ ജൂണിൽ സുശാന്ത് സിങ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് റിയയെയും ഷോവികിനെയും പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടിരുന്നു. പ്രതി ചേർക്കപ്പെട്ട 33 പേരിൽ എട്ടു പേർ ഇപ്പോഴും ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
അന്വേഷണത്തിനിടെ വിദേശ കറൻസി, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയുൾപെടെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. വിവിധ മയക്കുമരുന്നുകളും പിടിച്ചെടുത്തു.
പ്രതികൾക്കെതിരെ കുറ്റം ചുമത്താവുന്ന തെളിവുകൾ കുറ്റപത്രത്തിൽ സമർപ്പിച്ചിട്ടുണ്ടെന്ന് ഏജൻസി വ്യക്തമാക്കി. നടന് മയക്കുമരുന്ന് കൈമാറിയെന്ന് സംശയിക്കുന്ന സ്വകാര്യ വാട്സാപ് ചാറ്റുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേരത്തെ സമർപിച്ചിരുന്നു. റിയ ചക്രവർത്തി, ഷോവിക് എന്നിവരുടെതും സുശാന്തിന്‍റെ സ്റ്റാഫിന്‍റെയും ചാറ്റുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.
സുശാന്ത് മരണം അന്വേഷിച്ച മയക്കുമരുന്ന് നിയന്ത്രണ ഏജൻസി സിനിമ വ്യവസായത്തിന് മയക്കുമരുന്ന് ലോബിയുമായുള്ള ബന്ധമാണ്പ്രധാനമായി അന്വേഷിച്ചിരുന്നത്. ഇതേ തുടർന്ന്, ദീപിക പദുകോൺ, സാറ അലി ഖാൻ, അർജുൻ രാംപാൽ, ശ്രദ്ധ കപൂർ തുടങ്ങി നിരവധി പേരെ ചോദ്യം ചെയ്തു. മഹാരാഷ്ട്ര മന്ത്രി നവാബ് മലികിന്‍റെ മരുമകൻ സമീർ ഖാനെയും അറസ്റ്റ് ചെയ്തിരുന്നു. മഹാരാഷ്ട്രയിൽ നിരവധി ഇടങ്ങളിൽ റെയ്ഡ് നടത്തുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.