മയക്കുമരുന്ന് കേസ്: നടി റിയ ചക്രവർത്തി അറസ്റ്റിൽ
text_fields
മുംബൈ: സുശാന്ത് സിങ് രജ്പുത്തിെൻറ മരണവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന മയക്കുമരുന്ന് കേസിൽ നടി റിയ ചക്രവർത്തിയെ നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റു ചെയ്തു. കേസിൽ തുടർച്ചയായ രണ്ടുദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് റിയയെ അറസ്റ്റ് ചെയ്തത്.
നേരത്തെ റിയയുടെ സഹോദരൻ ഷോവിക് ചക്രവർത്തിയെയും സുശാന്തിൻെറ മാനേജറായിരുന്ന സാമുവല്‍ മിറാന്‍ഡയെയും എൻ.സി.ബി അറസ്റ്റു ചെയ്തിരുന്നു.
ചോദ്യം ചെയ്യലിൽ ഷോവിക്കും സാമുവലും സുശാന്തിന് മയക്കുമരുന്ന് എത്തിച്ചതായി റിയ മൊഴി നൽകിയിരുന്നു.സുശാന്തിെൻറ മാനേജർ സാമുവൽ മിറാൻഡ ലഹരിമരുന്ന് ഇടപാടിൽ അറസ്റ്റിലായ സെയ്‌ദിൽ നിന്ന് മയക്കുമരുന്ന് വാങ്ങാൻ പോയ കാര്യം തനിക്കറിയാമെന്നും റിയ എൻ.സി.ബി. ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിരുന്നു. സഹോദരൻ ഷോവിക്കുമായും സെയ്ദിന് ഇടപാടുകൾ ഉണ്ടായിരുന്നു. അറസ്റ്റിലായ ബാഷിത്തിൽ നിന്നും ഷോവിക് മയക്കുമരുന്ന് വാങ്ങുകയും ഇയാൾ വീട്ടിൽ എത്തിയിരുന്നതായും റിയ മൊഴി നൽകിയിരുന്നു.
റിയയുടെയും ഷോവിക് ചക്രവർത്തിയുടെയും നിർദേശപ്രകാരം മാർച്ച് മുതൽ ജൂൺ വരെയുള്ള കാലയളവിൽ 165 ഗ്രാം കഞ്ചാവ് സുശാന്തിന് എത്തിച്ച് നൽകിയതായി പാചക്കാരൻ ദീപേഷ് സാവന്ത് എൻ.സി.ബി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു. 2018 സെപ്റ്റംബർ മുതൽ സുശാന്ത് കഞ്ചാവ് ഉപയോഗിക്കുന്നുണ്ടായിരുന്നു എന്നും സാവന്ത് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു.
താൻ ഒരു വർഷത്തോളമാണ് സുശാന്തിനൊപ്പമുണ്ടായിരുന്നതെന്നും ലഹരി ഉപയോഗം നേരത്തെ ഉണ്ടായിരുന്നുവെന്നുമാണ് റിയ മൊഴി നൽകിയിരുന്നത്. താൻ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന വാദത്തിലും അവർ ഉറച്ചു നിന്നിരുന്നു.
സുശാന്ത് സിങ് രജ്പുത്തിെൻറ മരണത്തിൽ സി.ബി.ഐ അന്വേഷണം പുരോഗമിക്കുകയാണ്. മരണത്തിൽ റിയക്കും കുടുംബത്തിനും പങ്കുണ്ടെന്ന പരാതിയിൽ സി.ബി.ഐ സംഘം ഇവരെ നിരവധി തവണ ചോദ്യം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.