സാറ അലി ഖാനും രാകുൽപ്രീതുമടക്കം വമ്പൻമാർക്കെതിരെ റിയയുടെ മൊഴി
text_fieldsമുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്തിൻെറ മരണവുമായി ബന്ധപ്പെട്ട മയക്ക് മരുന്ന് കേസ് വമ്പൻ വഴിത്തിരിവിലേക്ക്.
നടിമാരായ സാറ അലി ഖാൻ, രാകുൽ പ്രീത് സിങ്, ഡിസൈനർ സിമോണി കംബട്ട, സുശാന്തിൻെറ സുഹൃത്തും മുൻ മാനേജറുമായിരുന്ന രോഹിണി അയ്യർ, സംവിധായകൻ മുകേഷ് ചബ്ര എന്നിവരോടൊപ്പം മയക്കുമരുന്ന് ഉപയോഗിച്ചതായി റിയ ചക്രബർത്തി കുറ്റസമ്മതം നടത്തിയതായാണ് റിപ്പോർട്ട്. നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ ചോദ്യം ചെയ്യലിലാണ് റിയയുടെ കുറ്റസമ്മതം.
സെയ്ഫ് അലി ഖാൻെറയും അമൃത സിങ്ങിൻെറയും മകളായ സാറ 2018ൽ സുശാന്തിനൊപ്പം 'കേദാർനാഥ്' എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ അരങ്ങേറിയത്.
സുശാന്തിനും സുഹൃത്തുക്കൾക്കുമൊപ്പം സാറ തായ്ലൻഡ് യാത്ര നടത്തിയതായി റിയ എൻ.സി.ബിക്ക് മൊഴി നൽകിയതായാണ് വിവരം. തായ്ലൻഡ് യാത്രക്ക് 70 ലക്ഷം രൂപ പൊടിപൊടിച്ചതായി റിയ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
കേദാർനാഥിൻെറ ചിത്രീകരണ വേളയിൽ സുശാന്തും സാറയും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും നടൻെറ സുഹൃത്ത് സാമുവൽ ഹോകിപ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.
എൻ.സി.ബിയുടെ ചോദ്യംചെയ്യലിൽ മയക്കുമരുന്ന് ഉപയോഗിക്കുന്ന ബോളിവുഡ് സെലിബ്രിറ്റികളുടെ പേരുകൾ റിയ വെളിപ്പെടുത്തിയതായി സൂചനയുണ്ടായിരുന്നു. ഇതിൻെറ അടിസ്ഥാനത്തിൽ 15ഓളം ബോളിവുഡ് താരങ്ങൾ നാർകോട്ടിക്സിൻെറ റഡാറിന് കീഴിലായിരുന്നു.
80 ശതമാനത്തോളം ബോളിവുഡ് താരങ്ങളും ലഹരി ഉപയോഗിക്കുന്നതായി റിയ മൊഴി നൽകിയതായാണ് റിപ്പോർട്ടുകൾ. ഇൻഡസ്ട്രിയിലെ 25 പ്രമുഖ താരങ്ങളെ കേസുമായി ബന്ധപ്പെട്ട് വിസ്തരിക്കുമെന്നാണ് സൂചന.
റിയയുടെ വാട്സാപ്പ് ചാറ്റിൻെറ ഉള്ളടക്കം പുറത്തായതോടെയാണ് നടിയും സഹോദരൻ ശൗവിക് ചക്രബർത്തിയും സുശാന്തിൻെറ മാനേജർ ദീപേഷ് സാവന്തുമടക്കമുള്ളവർ അറസ്റ്റിലായത്. റിയ നൽകിയ ജാമ്യാപേക്ഷ വെള്ളിയാഴ്ച മുംബൈ പ്രത്യേക കോടതി തള്ളിയിരുന്നു.
ജൂൺ 15നാണ് സുശാന്തിനെ മുംബൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണം ആത്മഹത്യയാണെന്ന് വ്യക്തമാക്കിയ മുംബൈ പൊലീസ് കാരണം ചികഞ്ഞ് അന്വേഷണം ആരംഭിച്ചിരുന്നു.
നിലവിൽ പൊലീസിന് പുറമേ സി.ബി.ഐ, എൻ.സി.ബി, എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് എന്നീ ഏജൻസികളും അന്വേഷിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.