സ്നേഹത്തിന്‍റെ പേരിൽ വേട്ടയാടപ്പെടുന്നുവെന്ന് റിയ; നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ചോദ്യംചെയ്യുന്നു
text_fieldsമുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ നടി റിയ ചക്രവർത്തിയെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ചോദ്യംചെയ്യുന്നു. മുംബൈയിലെ ഓഫിസിൽവെച്ചാണ് ചോദ്യംചെയ്യൽ. സ്നേഹത്തിന്‍റെ പേരിൽ താൻ വേട്ടയാടപ്പെടുകയാണെന്ന് റിയ പ്രതികരിച്ചു. ഇവരുടെ സഹോദരൻ ഷോവിക് ചക്രവർത്തിയെ രണ്ട് ദിവസം മുമ്പ് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു.
റിയ ചക്രവർത്തി അറസ്റ്റിന് തയാറാണെന്നും അവർക്കെതിരായ വേട്ടയാണ് ഇപ്പോൾ നടക്കുന്നതെന്നും റിയയുടെ അഭിഭാഷകൻ സതീഷ് മനേഷിന്ദർ പറഞ്ഞു. ആരെയെങ്കിലും സ്നേഹിക്കുന്നത് കുറ്റമാണെങ്കിൽ അതിന്‍റെ പ്രത്യാഘാതം നേരിടാൻ റിയ തയാറാണ്. നിരപരാധിയാണെന്ന് ഉറപ്പുള്ളതിനാൽ ഒരു കേസിലും മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടില്ലെന്നും അഭിഭാഷകൻ പറഞ്ഞു.
റിയയെയും സഹോദരനെയും ഒരുമിച്ച് ചോദ്യം ചെയ്യുമെന്ന് കഴിഞ്ഞ ദിവസം നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) അറിയിച്ചിരുന്നു. ഷോവികിന്‍റെ കസ്റ്റഡി സെപ്റ്റംബർ ഒമ്പത് വരെ നീട്ടിയിരിക്കുകയാണ്. മയക്കുമരുന്ന് ഇടപാടുകളുള്ള നിരവധി പേരുടെ വിവരങ്ങൾ ഷോവിക് നൽകിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. സുശാന്തിന്‍റെ മുൻ മാനേജർ സാമുവൽ മിരാൻഡയെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
സുശാന്തിന്‍റെ മരണത്തിൽ റിയ ചക്രവർത്തിക്ക് പങ്കുണ്ടെന്ന് കുടുംബം ആരോപിച്ചതോടെയാണ് അന്വേഷണം നടിയിലേക്കും നീണ്ടത്. നടിയുടെ ഫോണിൽ നിന്ന് ലഭിച്ച വാട്സാപ്പ് സന്ദേശങ്ങളാണ് മയക്കുമരുന്ന് മാഫിയയുമായി ഇവരെ ബന്ധിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.