ഇപ്പോൾ ഞാൻ മുസ്‍ലിംകളോട് വോട്ട് തേടില്ല -ഹിമന്ത ബിശ്വ ശർമ
text_fieldsന്യൂഡൽഹി: വോട്ട് ബാങ്ക് രാഷ്ട്രീയത്തിൽ താൽപര്യമില്ലെന്നും അതിനാൽ, കോൺഗ്രസിനെ പോലെ, മുസ്‍ലിം സമുദായത്തിന്റെ പ്രശ്നങ്ങൾ രാഷ്ട്രീയവുമായി ബന്ധിപ്പിക്കാൻ ശ്രമിക്കാറില്ലെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ''ഇപ്പോൾ എനിക്ക് മുസ്‍ലിംകളുടെ വോട്ട് ആവശ്യമില്ല. വോട്ട് ബാങ്ക് രാഷ്ട്രീയം ഉള്ളതുകൊണ്ടാണ് എല്ലാ പ്രശ്നങ്ങളും ഉണ്ടാകുന്നത്. മാസത്തിലൊരിക്കൽ ഞാൻ മുസ്‍ലിംകൾ താമസിക്കുന്ന പ്രദേശം സന്ദർശിക്കാറുണ്ട്. അവരുടെ പരിപാടികളിൽ പങ്കെടുക്കും. ആളുകളെ കാണും. എന്നാൽ വികസനവും രാഷ്ട്രീയവും തമ്മിൽ ബന്ധിപ്പിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല.''-ശർമ എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
എനിക്ക് നിങ്ങൾ വോട്ട് ചേയ്യേണ്ടതില്ല. അടുത്ത 10 വർഷത്തിനുള്ളിൽ നിങ്ങളുടെ മേഖലയിൽ വികസനം കൊണ്ടുവരാൻ അനുവദിച്ചാൽ മാത്രം മതി. ശൈശവ വിവാവും മദ്രസയിൽ പോകുന്നതും അവസാനിപ്പിക്കുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു. മദ്രസക്ക് പകരം കോളജിൽ പോകാം. മുസ്‍ലിം പെൺകുട്ടികൾക്കായി ഏഴ് പുതിയ കോളജുകൾ ഉദ്ഘാടനം ചെയ്യാൻ ഒരുങ്ങുകയാണ്.-ശർമ തുടർന്നു.
മുസ്‍ലിംകൾ താമസിക്കുന്ന പ്രദേശങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ പോലും കൊണ്ടുവരാത്ത കോൺഗ്രസ് സ്കൂളുകൾ പോലും പുതുതായി നിർമിക്കുന്നില്ല. അതെല്ലാം പരിഷ്‍കരിക്കുകയാണ് എന്റെ ലക്ഷ്യം. 10-15 കൊല്ലം കൊണ്ട് ഞാനത് ചെയ്യും. അതിനു ശേഷം മുസ്‍ലിംകളോട് വോട്ട് തേടും. ഇപ്പോൾ ഞാനവരോട് വോട്ട് ചോദിക്കുകയാണെങ്കിൽ അത് ഒരു കൊടുക്കൽ, വാങ്ങൽ ബന്ധം മാത്രമായിപ്പോകും. അത്തരമൊരു ബന്ധം ഞാൻ ആഗ്രഹിക്കുന്നില്ല.-ശർമ കൂട്ടിച്ചേർത്തു.
2021ലാണ് അസമിന്റെ 15ാമത് മുഖ്യമന്ത്രിയായി ശർമ അധികാരമേറ്റത്. 2016ലും 2020ലും മുസ്‍ലിംകളുടെ പ്രദേശങ്ങളിൽ പ്രചാരണത്തിന് പോയിരുന്നില്ല എന്ന കാര്യവും അസം മുഖ്യമന്ത്രി എടുത്തുപറഞ്ഞു. 126 നിയമ സഭ സീറ്റുകളിൽ 60എണ്ണം നേടിയാണ് 2021ൽ ബി.ജെ.പി വിജയിച്ചത്. അവരുടെ സഖ്യമായ എ.ജി.പിക്ക് ഒമ്പതും യു.പി.പി.എല്ലിന് ആറും സീറ്റുകൾ വീതം ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.