തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവകാശമുള്ളതുപോലെ പ്രചാരണം നടത്താനും കഴിയണം; കോൺഗ്രസ് സ്ഥാനാർഥിക്ക് ഇ.ഡി നോട്ടീസയച്ചതിനെ വിമർശിച്ച് രാജസ്ഥാൻ ഹൈകോടതി
text_fieldsജയ്പൂർ: കോൺഗ്രസ് സ്ഥാനാർഥി മേവ റാം ജെയിന് എതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി)സമൻസ് അയച്ചതിനെ രൂക്ഷമായി വിമർശിച്ച് രാജസ്ഥാൻ ഹൈകോടതി. നിയമസഭ തെരഞ്ഞെടുപ്പിൽ രാജസ്ഥാനിലെ ബാർണറിൽ നിന്നാണ് ജെയിൻ ജനവിധി തേടുന്നത്. സ്ഥാനാർഥിയായിരിക്കുന്ന സാഹചര്യത്തിൽ ഇ.ഡി സമൻസയക്കുന്നത് ഉചിതമായ നടപടിയല്ലെന്നും രാജസ്ഥാൻ ഹൈകോടതി ചൂണ്ടിക്കാട്ടി.
''പരാതിക്കാരൻ നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയാണ്. നമ്മുടെതു പോലുള്ള ജനാധിപത്യ വ്യവസ്ഥയിൽ ഒരു വ്യക്തിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവകാശമുള്ളതുപോലെ പ്രചാരണം നടത്താനും അനുവാദം നൽകുന്നുണ്ട്.''-കോടതി ചൂണ്ടിക്കാട്ടി.
നവംബർ 25നാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ 20ന് ജയ്പൂരിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ജെയിനിന് ഇ.ഡി നോട്ടീസ് നൽകിയിരിക്കുന്നത്. അദ്ദേഹത്തിന്റെ മണ്ഡലത്തിൽ നിന്ന് 500 കി.മി അകലെയാണ് ജയ്പൂർ. സ്ഥാനാർഥിയായതിനാൽ മണ്ഡലത്തിൽ അദ്ദേഹത്തിന്റെ സാന്നിധ്യം കൂടിയേ തീരൂ. ഈ സാഹചര്യത്തിൽ 500 കി.മി ദൂരം താണ്ടി ജയ്പൂരിലെത്തി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പറയുന്നത് ശരിയല്ല. എന്തിന് വേണ്ടിയാണ് ചോദ്യം ചെയ്യുന്നത് എന്ന കാര്യം സമൻസിൽ വ്യക്തമാക്കിയിട്ടുമില്ല.-ജസ്റ്റിസ് ഫർജന്ദ് അലി നിരീക്ഷിച്ചു.
തനിക്കെതിരായ ആരോപണങ്ങളെ കുറിച്ച് അറിയാനുള്ള അവകാശവും ജെയിനിനുണ്ട്. അതറിഞ്ഞാൽ മാത്രമേ പ്രതിരോധിക്കാനുള്ള സാധനങ്ങൾ ഇ.ഡിക്കു മുന്നിൽ ഹാജരാക്കാൻ അദ്ദേഹത്തിന് സാധിക്കുകയുള്ളൂവെന്നും ജസ്റ്റിസ് വ്യക്തമാക്കി. അതേസമയം, ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് ഇ.ഡിക്ക് പുതിയ നോട്ടീസ് അയക്കാൻ അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി. അത് തെരഞ്ഞെടുപ്പ് ഫലമറിയുന്ന ഡിസംബർ മൂന്നിന് ശേഷമായാൽ കൂടുതൽ നന്നാകുമെന്നും കോടതി പറഞ്ഞു.
ജെയിനിന് വേണ്ടി മുതിർന്ന അഭിഭാഷകനായ വികാസ് ബാലിയ ആണ് ഹൈകോടതിയിൽ ഹാജരായത്. തന്നെ ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചത് എന്തിനാണെന്ന് അറിയില്ലെന്നും തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ 500 കി.മി ദൂരം യാത്ര ചെയ്ത് ചോദ്യം ചെയ്യലിന് ഹാജരാകാൻ അസൗകര്യമുണ്ടെന്നുമാണ് ഹരജിയിൽ ജെയിൻ സൂചിപ്പിച്ചത്. തനിക്കെതിരായ ആരോപണത്തെ കുറിച്ചറിയാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.