പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യവും സഞ്ചാര സ്വാതന്ത്ര്യവും ഒത്തുപോകണം -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യവും ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യവും ഒത്തുപോകണമെന്ന് സുപ്രീംകോടതി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീൻബാഗിൽ നടക്കുന്ന സമരം ഉടൻ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കവേയാണ് സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയത്. പ്രതിഷേധിക്കാനുള്ള അവകാശം പരമമല്ലെന്ന വാദത്തോടും കോടതി യോജിച്ചു. ഇതുമായി ബന്ധപ്പെട്ട് ഉത്തരവിറക്കുമെന്നും കോടതി വ്യക്തമാക്കി.
മാർച്ച് മാസം നൽകിയ ഹരജി ഇപ്പോൾ അപ്രസക്തമാണെന്ന് കേന്ദ്ര സർക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. ഷഹീൻബാഗ് സമരം അവസാനിച്ചെങ്കിലും സമാനമായ സമരങ്ങൾ ഇപ്പോൾ നടക്കുന്നുണ്ടെന്നും ഭാവിയിലും നടക്കുമെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി.
ജസ്റ്റിസുമാരായ എസ്.കെ. കൗൾ, കൃഷ്ണ മുരാരി, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ചാണ് മാർച്ചിൽ സമർപ്പിച്ച ഹരജി ഏഴ് മാസത്തിന് ശേഷം പരിഗണിച്ചത്. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ജനങ്ങൾക്കുണ്ടെന്ന് സമരക്കാർക്ക് വേണ്ടി ഹാജരായ അഡ്വ. മെഹ്മൂദ് പ്രാച അഭിപ്രായപ്പെട്ടു. സമാധാനപരമായി പ്രതിഷേധിക്കാൻ സാർവത്രിക നയം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
സാഹചര്യങ്ങൾ മാറുമെന്നതിനാൽ പ്രതിഷേധങ്ങൾക്ക് സാർവത്രികമായ നയം രൂപീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് കൗൾ അഭിപ്രായപ്പെട്ടു. പാർലമെന്‍റിൽ നടന്ന പ്രതിഷേധങ്ങളും അദ്ദേഹം പരാമർശിച്ചു.
ഒത്തുചേരാനും പ്രതിഷേധിക്കാനുമുള്ള അവകാശം ന്യായമായ നിയന്ത്രണങ്ങൾക്ക് വിധേയമാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. ജന്തർ മന്തർ പോലെയുള്ള സ്ഥലങ്ങളിൽ സമരം നടക്കാറുണ്ട്. എന്നാൽ, റോഡുകൾ തടയാൻ അനുവദിക്കാറില്ല.
പ്രതിഷേധിക്കാനുള്ള അവകാശം പരമമായ അവകാശമല്ലെന്ന കേന്ദ്രത്തിന്‍റെ വാദത്തോട് കോടതി യോജിച്ചു. എന്നാൽ, സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ജനങ്ങൾക്ക് ഉണ്ട്. ഇത് പൊതു സമൂഹത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാകരുത് -കോടതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.