ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നവരുടെ ഉറങ്ങാനുള്ള അവകാശം ലംഘിക്കാനാവില്ല -ബോംബെ ഹൈക്കോടതി
text_fieldsമുംബൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രതിയെ ഒറ്റ രാത്രികൊണ്ട് ചോദ്യം ചെയ്തതിൽ ഇ.ഡി യെ ശാസിച്ച് ബോംബെ ഹൈക്കോടതി. ഉറങ്ങാനുള്ള അവകാശം മനുഷ്യൻ്റെ അടിസ്ഥാന ആവശ്യമാണെന്നും അത് നൽകാത്തത് ഒരു വ്യക്തിയുടെ മനുഷ്യാവകാശ ലംഘനമാണെന്നും ബോംബെ ഹൈക്കോടതി പറഞ്ഞു. തൻ്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് 64 കാരനായ ഗാന്ധിധാം നിവാസിയായ രാം കൊട്ടുമൽ ഇസ്രാനി സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു ബെഞ്ച്. ജസ്റ്റിസുമാരായ രേവതി മൊഹിതേ-ഡെരെ, മഞ്ജുഷ ദേശ്പാണ്ഡെ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഇ.ഡിക്ക് നിർദേശം നൽകിയത്.
2023 ഓഗസ്റ്റിലാണ് ഇ.ഡി ഇസ്രാനിയെ അറസ്റ്റ് ചെയ്തത്. 2023 ആഗസ്ത് 7 ന് നൽകിയ സമൻസ് പ്രകാരം താൻ ഏജൻസിക്ക് മുമ്പാകെ ഹാജരായെന്നും രാത്രി മുഴുവൻ ചോദ്യം ചെയ്തെന്നും ഇസ്രാനി ഹരജിയിൽ പറഞ്ഞു. പിറ്റേന്ന് കേസിൽ അറസ്റ്റ് രേഖപ്പെടുത്തി. ഹരജി തള്ളിയെങ്കിലും ഹരജിക്കാരനെ ഒറ്റരാത്രികൊണ്ട് ചോദ്യം ചെയ്യുന്ന രീതി ശരിയല്ലെന്ന് ബെഞ്ച് പറഞ്ഞു. രാത്രിയിലും ഉറങ്ങുന്ന സമയത്തും മൊഴി രേഖപ്പെടുത്തരുതെന്ന് ജസ്റ്റിസ് രേവതി മൊഹിതേ ദേരെ, ജസ്റ്റിസ് മഞ്ജുഷ ദേശ്പാണ്ഡെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. അതേസമയം രാത്രിയിൽ മൊഴി രേഖപ്പെടുത്താൻ ഇസ്രാനി സമ്മതം നൽകിയിരുന്നതായി അന്വേഷണ ഏജൻസിയുടെ അഭിഭാഷകൻ ഹിറ്റെൻ വെനേഗാവ്കർ കോടതിയെ അറിയിച്ചു.
അഭിഭാഷകരായ വിജയ് അഗർവാൾ, ആയുഷ് ജിൻഡാൽ, യാഷ് വർധൻ തിവാരി എന്നിവരാണ് വാദിച്ചത്. സ്വമേധയാ ആണെങ്കിലും അല്ലെങ്കിലും പുലർച്ചെ 3.30 വരെ ഹർജിക്കാരൻ്റെ മൊഴി രേഖപ്പെടുത്തിയ രീതി അപലപനീയമാണെന്ന് കോടതി പറഞ്ഞു. ഉറങ്ങാനുള്ള അവകാശം മനുഷ്യൻ്റെ അടിസ്ഥാന ആവശ്യമാണെന്നും അത് ഇല്ലാതാക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും കോടതി വ്യക്തമാക്കി. സമൻസ് പുറപ്പെടുവിക്കുമ്പോൾ മൊഴി രേഖപ്പെടുത്തേണ്ട സമയം സംബന്ധിച്ചുള്ള മാർഗ്ഗനിർദേശങ്ങൾ പാലിക്കണമെന്നും കോടതി ഇ.ഡിയോട് നിർദേശിച്ചു. വിഷയം സെപ്‌റ്റംബർ 9-ലേക്ക് പരിഗണിക്കുന്നതിനായി ബെഞ്ച് ലിസ്‌റ്റ് ചെയ്‌തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.