ഹിജാബ് ധരിക്കാനുള്ള അവകാശം 25ാം അനുച്ഛേദത്തിന് കീഴിൽ വരില്ലെന്ന് കർണാടക സർക്കാർ
text_fieldsബംഗളൂരു: ഹിജാബ് നിരോധനത്തിനെതിരെ ഉഡുപ്പി സർക്കാർ പ്രീയൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥിനികൾ നൽകിയ ഹരജിയിൽ ഇന്നത്തെ വാദം പൂർത്തിയായി. ഹിജാബ് ധരിക്കുന്നതിനുള്ള അവകാശം ഭരണഘടനയുടെ ഇരുപത്തിയഞ്ചാം അനുച്ഛേദത്തിന്‍റെ പരിധിയില്‍ വരില്ലെന്ന് കര്‍ണാടക സർക്കാർ ഹൈകോടതിയിൽ അറിയിച്ചു. സ്ഥാപനങ്ങളുടെ അച്ചടക്കത്തിന് വിധേയമായി നിയന്ത്രണങ്ങളോടെ ഹിജാബ് ധരിക്കുന്നതിന് ഇന്ത്യയില്‍ വിലക്കില്ലെന്നും സര്‍ക്കാറിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ പ്രഭുലിങ് നവാദ്ഗി ഹൈകോടതിയെ അറിയിച്ചു.
ഹിജാബ് ധരിക്കാനുള്ള അവകാശം ആർട്ടിക്കിൾ 19(1)(എ) യുടെ കീഴിലാണ് വരുന്നത്, ആർട്ടിക്കിൾ 25 അല്ല. ഒരാൾ ഹിജാബ് ധരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, 'സ്ഥാപന അച്ചടക്കത്തിന് വിധേയമായി' ഒരു നിയന്ത്രണവുമില്ല -നവാദ്ഗി പറഞ്ഞു. മതസ്വാതന്ത്ര്യത്തിനുള്ള അവകാശമാണ് 25ാം അനുച്ഛേദത്തിൽ പ്രതിപാദിക്കുന്നത്. 19(1)(എ) ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ചാണ്.
ഹിജാബ് മതപരമായ ആചാരമാണെങ്കിലും മതപരമായ അനിവാര്യമായ ആചാരമല്ലെന്ന് അഡ്വക്കറ്റ് ജനറൽ പറഞ്ഞു. ഒരു പ്രത്യേക വസ്ത്രം ധരിക്കുക മതപരമായ ആചാരമായി മാറിയാൽ ബന്ധപ്പെട്ട സ്ത്രീകളെല്ലാം അത് ധരിക്കാൻ ബാധ്യസ്ഥരാകുമെന്നതാണ് ഈ കേസിലെ ബുദ്ധിമുട്ടുള്ള വിഷയം. ഒരു തെരഞ്ഞെടുപ്പിനുള്ള സാധ്യത ഇല്ലാതാകും.
മനുഷ്യന്റെ അന്തസ്സിൽ ഉൾപ്പെടുന്നതാണ് സ്വാതന്ത്ര്യം. അതിൽ ഒരു വസ്ത്രം ധരിക്കണോ വേണ്ടയോ എന്ന തിരഞ്ഞെടുപ്പ് ഉൾപ്പെടുന്നു. ഒരു വസ്ത്രം നിർബന്ധമാക്കണമെന്ന ഹരജിക്കാരുടെ അവകാശവാദം ഭരണഘടനയുടെ ധാർമ്മികതയ്ക്ക് വിരുദ്ധമാണ്. അങ്ങനെയൊന്ന് നിർബന്ധമാക്കാൻ കഴിയില്ല. അത് ബന്ധപ്പെട്ട സ്ത്രീകളുടെ തിരഞ്ഞെടുപ്പിന് വിടണം. മതപരമായ ഒരു വിവേചനവും ഇക്കാര്യത്തിൽ വെച്ചുപുലർത്തിയിട്ടില്ല. സ്വകാര്യ, സ്വാശ്രയ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ യൂണിഫോമിൽ ഒരു തരത്തിലുള്ള ഇടപെടലുമില്ല. അത് സ്ഥാപനങ്ങൾക്ക് തീരുമാനിക്കാമെന്നും അഡ്വക്കറ്റ് ജനറൽ പറഞ്ഞു.
ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തി, ജസ്റ്റിസ് ജെ.എം. ഖാസി, ജസ്റ്റിസ് കൃഷ്ണ എം. ദീക്ഷിത് എന്നിവരടങ്ങിയ ഫുൾ ബെഞ്ചാണ് ക്ലാസ് മുറിയിൽ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന ഹരജി പരിഗണിക്കുന്നത്. കേസില്‍ ഈ ആഴ്ച തന്നെ തീര്‍പ്പ് ഉണ്ടാകുമെന്നാണ് കരുതുന്നതെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.