ചർച്ചിൽ ക്രിസ്മസ് ആഘോഷത്തിനിടെ തീവ്ര ഹിന്ദുത്വവാദികളുടെ അക്രമം; ജയ് ശ്രീറാം വിളിച്ചെത്തിയ സംഘം വിശ്വാസികളെ കൈയ്യേറ്റം ചെയ്തു
text_fieldsഗുരുഗ്രാം: ക്രിസ്മസ് തലേന്ന് പട്ടൗഡിയിലെ ക്രിസ്ത്യൻ ചർച്ചിനുനേരെ തീവ്രഹിന്ദുത്വവാദികളുടെ അക്രമം. അതിക്രമിച്ച് കയറിയ സംഘം പ്രാർത്ഥന തടസ്സപ്പെടുത്തുകയും ചർച്ചിലെ ഗായക സംഘത്തെ കൈയ്യേറ്റം ചെയ്യുകയും ചെയ്തു. ഭക്തിഗാനം ആലപിക്കവേ വേദിയിൽ കയറി മൈക്ക് തട്ടിപ്പറിച്ച സംഘം ജയ്ശ്രീറാം വിളിച്ചുകൊടുക്കുകയും ഭാരതീയ സംസ്കാരത്തെ ഹനിക്കുന്ന പ്രവർത്തനങ്ങൾ നിർത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, സംഭവത്തിൽ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
വെള്ളിയാഴ്ച വൈകീട്ട് ക്രിസ്മസ് ആഘോഷത്തിന്‍റെ ഭാഗമായി നൂറുകണക്കിന് സ്ത്രീകളും ചർച്ചിൽ സമ്മേളിച്ചപ്പോഴായിരുന്നു സംഭവം. അക്രമികൾ 'ജയ് ശ്രീറാം', 'ഭാരത് മാതാ കീ ജയ്' എന്നീ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് പള്ളി വളപ്പിൽ കയറിയത്. ഇവർ ഗായകസംഘത്തെ തള്ളിയിടുകയും മൈക്ക് തട്ടിയെടുക്കുകയും ചെയ്തു. ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഏതാനും ദിവസം മുമ്പ് ഗുരുഗ്രാമിൽ സർക്കാർ അനുവദിച്ച പൊതുസ്ഥലങ്ങളിലെ ജുമുഅ നമസ്‌കാരം സംഘ്പരിവാർ സംഘടനകൾ പരസ്യമായി തടഞ്ഞിരുന്നു. ഇതിന് സമീപമായാണ് ഇന്നലെ ചർച്ചിൽ അതിക്രമം നടന്നത്. 'ചർച്ചിൽ സ്ത്രീകളും കുട്ടികളും ഉള്ള സമയത്താണ് സംഘം ഇരച്ചെത്തിയത്. ദിവസം കഴിയുന്തോറും അതിക്രമം വർധിച്ചുവരികയാണ്. പ്രാർത്ഥിക്കുന്നതിനും മതവിശ്വാസത്തിനുമുള്ള ഞങ്ങളുടെ അവകാശമാണ് ഇക്കൂട്ടർ ലംഘിക്കുന്നത്'' -വൈദികൻ വാർത്താ ഏജൻസിയോട് പറഞ്ഞു. അതേസമയം, പൊലീസിന് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പട്ടൗഡി സ്റ്റേഷൻ ഹൗസ് ഓഫിസർ അമിത് കുമാർ പറഞ്ഞു. വിഷയത്തിൽ ഭരണകൂടവും ഇതുവരെ പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.