രാമനവമി ആഘോഷത്തിനിടെ ഹൗറയിൽ സംഘർഷം; നിരവധി വാഹനങ്ങൾക്ക് തീയിട്ടു
text_fieldsന്യൂഡൽഹി: പശ്ചിമബംഗാളിലെ ഹൗറയിൽ രാമനവമി ആഘോഷങ്ങൾക്കിടെ സംഘർഷം. രാമനവമി ഘോഷയാത്ര കടന്നുപോയ ഉടനെയാണ് സംഘർഷമുണ്ടായത്. സംഘർഷത്തെ തുടർന്ന് നിരവധി വാഹനങ്ങൾ തീവെച്ച് നശിപ്പിച്ചു. പ്രദേശത്ത് കനത്ത പൊലീസ് സന്നാഹം നിലവിലുണ്ട്. പൊലീസ് വാനും സംഘർഷത്തിൽ തകർന്നു.
സംഘർഷത്തിന് പിന്നാലെ കലാപകാരികൾ രാജ്യത്തിന്റെ ശത്രുക്കളാണെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മമത ബാനർജി ആഹ്വാനം ചെയ്തു. കേന്ദ്രസർക്കാറിന്റെ നയങ്ങൾക്കെതിരെ കൊൽക്കത്തയിൽ നടന്ന സത്യാഗ്രഹത്തിൽ പങ്കെടുത്തായിരുന്നു മമതയുടെ പ്രതികരണം.
തിങ്കളാഴ്ച രാമനവമി ദിനത്തിൽ തൃണമൂൽ കോൺഗ്രസ് പ്രതിഷേധം നടത്തുന്നതിൽ വിമർശനവുമായി ബി.ജെ.പി രംഗത്തെത്തിയിരുന്നു. ബി.ജെ.പി നേതാവ് സുവേന്ദു അധികാരിയാണ് വിമർശനവുമായി രംഗത്തെത്തിയത്. സനാധന ധർമ്മത്തിൽ വിശ്വസിക്കുന്നവർ രാമനവമി ആഘോഷിക്കുമെന്നും എന്നാൽ മമത ബാനർജി ആഘോഷ ദിനത്തിൽ പ്രതിഷേധത്തിന് ആഹ്വാനം നടത്തുകയാണ് ചെയ്തതെന്നും സുവേന്ദു അധികാരി പറഞ്ഞു. നേരത്തെ ഗുജറാത്തിലെ വഡോദരയിലും രാമനവമി ആഘോഷങ്ങൾക്കിടെ സംഘർഷമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.