ജയിൽചാട്ട ശ്രമത്തിനിടെ കലാപം; ശ്രീലങ്കയിൽ എട്ട് തടവുകാർ കൊല്ലപ്പെട്ടു
text_fieldsകൊളംബോ: ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിലെ ജയിലിലുണ്ടായ കലാപത്തിൽ എട്ട് അന്തേവാസികൾ കൊല്ലപ്പെട്ടു. 37 പേർക്ക് പരിക്കേറ്റു. കൊളംബോയിൽ നിന്ന് 15 കിലോമീറ്റർ വടക്ക് മാറി മഹാറ ജയിലിൽ ഞായറാഴ്ച ചില അന്തേവാസികൾ ജയിൽ ചാടാൻ നടത്തിയ ശ്രമങ്ങൾക്കിടെയാണ് സംഭവം.
ജയിൽപുള്ളികൾ ബലം പ്രയോഗിച്ച് വാതിൽ തുറന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഇത് ചെറുക്കാൻ വേണ്ടി അധികൃതർക്ക് ബലം പ്രയോഗിക്കേണ്ടി വരികയായിരുന്നുവെന്ന് പൊലീസ് വക്താവ് അജിത് റൊഹാന പറഞ്ഞു.
കലാപകാരികൾ ജയിലിലെ അടുക്കളയും റെക്കോഡ് റൂമും അഗ്നിക്കിരയാക്കിയതായി ജയിൽ അധികൃതർ പറഞ്ഞു. രണ്ട് ജയിൽ ജീവനക്കാരടക്കം 37 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ രഗാമ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാർഡൻമാരെ ബന്ധികളാക്കി രക്ഷപ്പെടാനുള്ള കലാപകാരികളുടെ ശ്രമം അധികൃതർ വിഫലമാക്കുകയായിരുന്നു. കോവിഡ് കേസുകൾ ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ അന്തേവാസികളുടെ എണ്ണം വളരെ കൂടുതലുള്ള ലങ്കൻ ജയിലുകളിൽ ആശങ്ക സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിൽ ജയിലിൽ പ്രതിഷേധവുമുയർന്നിരുന്നു.
മഹാറ ജയിലിൽ 175 ലധികം കേസുകൾ റിപോർട്ട് ചെയ്തതിനാൽ തങ്ങളെ മറ്റ് ജയിലുകളിലേക്ക് മാറ്റണമെന്നായിരുന്നു തടവുകാരുടെ ആവശ്യം. 10,000 പേരെ താമസിപ്പിക്കാൻ മാത്രം സൗകര്യമുള്ള ലങ്കയിലെ ജയിലുകളിൽ നിലവിൽ 26,000ത്തിലധികം തടവുകാരാണ് തിങ്ങി പാർക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.