'2002ൽ കലാപകാരികളെ ഒരു പാഠം പഠിപ്പിച്ചു'; ഗുജറാത്തിൽ ബി.ജെ.പി സമാധാനം പുന:സ്ഥാപിച്ചെന്ന് അമിത് ഷാ
text_fieldsന്യൂഡൽഹി: 2002ൽ ഗുജറാത്തിലെ വർഗീയ കലാപത്തിന് ഉത്തരവാദികളായവരെ ബി.ജെ.പി സർക്കാർ ഒരു പാഠം പഠിപ്പിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വ്യാഴാഴ്ച ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രചരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 22 വർഷമായി സംസ്ഥാനത്ത് സമാധാനം നിലനിർത്തിയെന്നും വർഗീയ കലാപത്തിന് ഉത്തരവാദികളായവരെ ഇതിലൂടെ ഒരു പാഠം പഠിപ്പിക്കാൻ സാധിച്ചെന്നും അമിത് ഷാ പറഞ്ഞു.
"1995ന് മുമ്പ് കോൺഗ്രസ് ഭരണകാലത്ത് ഗുജറാത്തിൽ വർഗീയ കലാപങ്ങൾ വ്യാപകമായിരുന്നു. വിവിധ സമുദായങ്ങളിലും ജാതികളിലും പെട്ട ആളുകളെ പരസ്പരം പോരടിക്കാൻ കോൺഗ്രസ് പ്രേരിപ്പിച്ചു. ഇത്തരം കലാപങ്ങളിലൂടെ കോൺഗ്രസ് വോട്ട് ബാങ്ക് ശക്തിപ്പെടുത്തുകയും വലിയൊരു വിഭാഗത്തോട് അനീതി കാണിക്കുകയും ചെയ്തു"- അമിത് ഷാ പറഞ്ഞു.
ബറൂച്ചിൽ നിരവധി കലാപങ്ങളും കർഫ്യൂവും അക്രമവും ഉണ്ടായിട്ടുണ്ട്. ഇത് ഗുജറാത്തിൽ വികസനം കൊണ്ടുവരുന്നത് തടസ്സപ്പെടുത്തി. 2002 ൽ വർഗീയ കലാപത്തിൽ ഏർപ്പെടാൻ ശ്രമിച്ചവരെ ഞങ്ങളൊരു പാഠം പഠിപ്പിച്ചു. 22 വർഷത്തിനിടെ ഒരിക്കൽ പോലും സംസ്ഥാനത്ത് ഞങ്ങൾക്ക് കർഫ്യൂ ഏർപ്പെടുത്തേണ്ടതായി വന്നിട്ടില്ല. അടിക്കടി വർഗീയ കലാപങ്ങൾ നടക്കുന്ന സംസ്ഥാനത്ത് സമാധാനം കൊണ്ടുവരാനുള്ള പ്രവർത്തനമാണ് ബി.ജെ.പി നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2002ൽ ഗുജറാത്തിൽ മൂന്ന് ദിവസം തുടർന്ന അക്രമത്തിൽ ആയിരത്തിലധികം ആളുകൾ കൊല്ലപ്പെട്ടു. ഗോധ്രയിൽ തീർഥാടകർ സഞ്ചരിച്ചിരുന്ന ട്രെയിൻ കോച്ച് കത്തിക്കുകയും 59 പേർ കൊല്ലപ്പെടുകയും ചെയ്തതിനെത്തുടർന്നാണ് കലാപം പൊട്ടിപുറപ്പെട്ടത്. കലാപം തടയുന്നതിൽ സംസ്ഥാന പൊലീസ് വീഴ്ച വരുത്തിയെന്നും അന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.