സർക്കാറിന്റേത് അംബേദ്ക്കറുടെ തുല്യതാനയം; മുന്നോട്ടുവെക്കുന്നത് 25 വർഷത്തെ ലക്ഷ്യം മുൻനിർത്തിയുള്ള വികസനനയം -രാഷ്ട്രപതി
text_fieldsന്യൂഡൽഹി: അംബേദ്ക്കറുടെ തുല്യതാനയമാണ് കേന്ദ്രസർക്കാൻ പിന്തുടരുന്നതെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. നയപ്രഖ്യാപന പ്രസംഗത്തിലാണ് രാഷ്ട്രപതിയുടെ പരാമർശം. അടുത്ത 25 വർഷത്തെ ലക്ഷ്യം മുൻനിർത്തിയുള്ള വികസനനയമാണ് കേന്ദ്രസർക്കാർ മുന്നോട്ട്വെക്കുന്നതെന്നും രാഷ്ട്രപതി പറഞ്ഞു.
സ്വാശ്രയത്തിനാണ് സർക്കാർ പ്രാധാന്യം നൽകുന്നത്. എല്ലാവർക്കുമൊപ്പം എല്ലാവരുടേയും വികസനമെന്നതാണ് സർക്കാറിന്റെ നയം. കോവിഡുകാലത്ത് നിരവധി പേർക്ക് ജീവൻ നഷ്ടമായി. ദുരിതകാലത്ത് കേന്ദ്രസർക്കാർ, സംസ്ഥാനങ്ങൾ, ഡോക്ടർമാർ, നഴ്സുമാർ, ശാസ്ത്രജ്ഞർ, ആരോഗ്യപ്രവർത്തകർ എന്നിവർ ഒന്നിച്ച് നിന്ന് പ്രവർത്തിച്ചു. ആരോഗ്യപ്രവർത്തകരോടും കോവിഡ് മുൻനിര പോരാളികളോടും താൻ നന്ദി പറയുകയാണെന്നും രാഷ്ട്രപതി പറഞ്ഞു.
കോവിഡിനെതിരായി പൊരുതാനുള്ള ഇന്ത്യയുടെ ശേഷി വാക്സിനേഷനിലൂടെ തെളിയിക്കപ്പെട്ടതാണ്. ഒരു വർഷത്തിനുള്ളിൽ 150 കോടി ഡോസ് വാക്സിൻ നൽകാൻ സാധിച്ചു. എട്ടോളം വാക്സിനുകൾക്ക് ഇന്ത്യ അംഗീകാരം നൽകിയിട്ടുണ്ടെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു. സ്ത്രീശാക്തികരണം സർക്കാറിന്റെ മുഖ്യനയമാണ്. സ്കൂളുകളിലെത്തുന്ന വിദ്യാർഥിനുകളുടെ എണ്ണം വൻ തോതിൽ ഉയർന്നുവെന്നും അദ്ദേഹം പറഞ്ഞു.
പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തൽ, മുസ്‍ലിം വനിതകളുടെ ശാക്തീകരണത്തിനായി സ്വീകരിച്ച നടപടികൾ എന്നിവയെല്ലാം രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗത്തിൽ പരാമർശിച്ചു. കാർഷിക, വ്യവസായ, ആരോഗ്യ മേഖലകളിൽ കേന്ദ്രസർക്കാർ നടപ്പാക്കിയ പദ്ധതികളെ കുറിച്ചും രാഷ്ട്രപതി വിശദീകരിച്ചു. കായികമേഖലയിൽ വലിയ നേട്ടമുണ്ടാക്കാൻ ഇന്ത്യക്ക് കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.