കുടുംബ വാഴ്ച: രാഹുൽ ഗാന്ധിയെ പരിഹസിച്ച് റിഷി കപൂർ
text_fieldsരാഹുൽ ഗാന്ധിയെയും അദ്ദേഹത്തിന്‍റെ കുടുംബവാഴ്ചയെക്കുറിച്ചുള്ള പ്രസ്താവനയെയും പരിഹസിച്ച് മുൻകാല നടൻ റിഷി കപൂറിന്‍റെ ട്വീറ്റ്.
അമിതാഭ് ബച്ചനേയും അഭിഷേക് ബച്ചനേയും ചൂണ്ടിക്കാട്ടി ഇന്ത്യയിൽ എല്ലാ മേഖലയിലും കുടുംബവാഴ്ച ഒരു യാഥാർഥ്യമാണെന്ന് രാഹുൽ ഇന്നലെ അമേരിക്കയിൽ നടത്തിയ പ്രസ്താവനയെയാണ് ബോളിവുഡ് താരം പരിഹസിച്ചത്.
'രാഹുൽ ഗാന്ധീ.., 106 ഇന്ത്യൻ സിനിമയുടെ ചരിത്രം പരിശോധിച്ചാൽ അതിൽ 90 വർഷവും കപൂർ കുടുംബത്തിന്‍റെ സംഭവാനയുണ്ടായിരുന്നു. ദൈവകൃപയാൽ നാല് തലമുറകളായി ഇന്ത്യൻ സിനിമയിൽ കപൂർ കുടുംബം നിറഞ്ഞുനിൽക്കുകയാണ്. പ്രിഥ്വിരാജ് കപൂർ, രാജ് കപൂർ, രൺധീർ കപൂർ, രൺബീർ കപൂർ എന്നീ പുരുഷന്മാരെല്ലാം ഓരോ തലമുറയുടെയും വക്താക്കളാണ്. എന്നാൽ ഇവരെ ജനം തെരഞ്ഞെടുത്തത് ഇവരുടെ യോഗ്യതയുടെ അടിസ്ഥാനത്തിൽ മാത്രമായിരുന്നു.'
'അതുകൊണ്ട് ദയവായി കുടുംബവാഴ്ചയുടെ പേരുപറഞ്ഞ് ജനങ്ങളെ കബളിപ്പിക്കാൻ നോക്കരുത്. അത്യദ്ധ്വാനം കൊണ്ട് മാത്രമേ ജനങ്ങളുടെ ബഹുമാനവും സ്നേഹവും ആർജിക്കാൻ കഴിയൂ. നിർബന്ധപൂർവം ഉണ്ടാക്കിയെടുക്കാൻ കഴിയുന്നതല്ല അത്' എന്നും റിഷി കപൂർ ട്വിറ്ററിൽ കുറിച്ചു.
ആദ്യമായല്ല. റിഷി കപൂർ കോൺഗ്രസ് നേതാക്കൾക്കെതിരെ പരസ്യമായി രംഗത്തെത്തുന്നത്. ഗാന്ധി കുടുംബാംഗങ്ങളുടെ പേരിലുള്ള റോഡുകളുടെയും കെട്ടിടങ്ങളുടെയും പേര് പുതുക്കണമെന്ന് റിഷി കപൂർ നേരത്തേ ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.