മുസ്‌ലിംകളെ മാത്രം ലക്ഷ്യമിട്ട് കഴിഞ്ഞ വർഷം അരങ്ങേറിയത് 668 വിദ്വേഷ പ്രസംഗങ്ങൾ
text_fieldsന്യൂഡൽഹി: 2023ൽ മുസ്‌ലിംകളെ മാത്രം ലക്ഷ്യമിട്ട് 668 ഡോക്യുമെന്‍റ്ഡ് വിദ്വേഷ പ്രസംഗ പരിപാടികൾ ഇന്ത്യയിൽ അരങ്ങേറിയെന്ന് റിപ്പോർട്ട്. ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾക്കെതിരായ വിദ്വേഷ പ്രസംഗം നിരീക്ഷിക്കുന്ന വാഷിങ്ടൺ ആസ്ഥാനമായ ഇന്ത്യ ഹേറ്റ് ലാബ് പുറത്തിറക്കിയ റിപ്പോർട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പോയ വർഷത്തിന്‍റെ ആദ്യ പകുതിയിൽ 255 സംഭവങ്ങളായിരുന്നെങ്കിൽ, വർഷത്തിന്‍റെ രണ്ടാം പകുതിയിൽ ഇത് 413 ആയി ഉയർന്നു. 62 ശതമാനമാണ് വിദ്വേഷ പ്രസംഗത്തിലെ വർധനവ് -‘ഇന്ത്യയിലെ വിദ്വേഷ പ്രസംഗങ്ങൾ’ എന്ന തലക്കെട്ടിലുള്ള റിപ്പോർട്ട് പറയുന്നു.
ഇതിൽ 75 ശതമാനവും, അതായത് 498 വിദ്വേഷ പ്രസംഗ പരിപാടികളും നടന്നത് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണെന്ന വസ്തുതയും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിൽ സംഘടിപ്പിക്കപ്പെട്ട 239 പരിപാടികളിലും മുസ്‌ലിംകളെ ആക്രമിക്കാൻ നേരിട്ട് ആഹ്വാനമുണ്ടായി.
രാജസ്ഥാൻ, മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഢ് നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ ആഗസ്റ്റ് മുതൽ നവംബർ വരെ മാസങ്ങളിലായിരുന്നു വിദ്വേഷ പ്രസംഗങ്ങൾ കൂടുതൽ നടന്നത്. 420 വിദ്വേഷ പ്രസംഗങ്ങളിലും വിദ്വേഷ പ്രചാരകർ ഉയർത്തിയത് ലൗ ജിഹാദ്, ഭൂമി ജിഹാദ്, ഹലാൽ ജിഹാദ്, ജനസംഖ്യ ജിഹാദ് തുടങ്ങിയവയായിരുന്നു. 169 പരിപാടികളിൽ നടന്നത് മുസ്‌ലിംകളുടെ ആരാധനാ കേന്ദ്രങ്ങൾ ആക്രമിക്കാനുള്ള ആഹ്വാനമായിരുന്നു.
ഇസ്രായേൽ - ഫലസ്തീൻ സംഘർഷവും മുസ്‌ലിം വിരുദ്ധ വിദ്വേഷം വളർത്താൻ വിദ്വേഷ പ്രചാരകർ ഉപയോഗിച്ചെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഒക്ടോബർ 7 നും ഡിസംബർ 31 നും ഇടയിൽ നടന്ന 193 വിദ്വേഷ പ്രസംഗ പരിപാടികളിൽ, 41 എണ്ണവും മുസ്‌ലിംകൾ അക്രമാസക്തരാണെന്നും ഹിന്ദുകൾക്ക് അവർ ഭീഷണിയാണെന്നും പറഞ്ഞുകൊണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.