'ഹനുമാനും സിനിമ നടനും പാക് ചാരനും പ്രധാനമന്ത്രിയുടെ കാർഷിക ധനസഹായം'; ഞെട്ടിക്കുന്ന അഴിമതിയുടെ വിവരങ്ങൾ പുറത്ത്
text_fieldsന്യൂഡൽഹി: ഹനുമാൻ ദേവനും ബോളിവുഡ് താരം റിതേഷ് ദേശ്മുഖും ഇന്ത്യയിൽനിന്ന് പുറത്താക്കപ്പെട്ട പാകിസ്താൻ ചാരൻ മെഹ്ബൂബ് രാജ്പുതും സാമൂഹ്യ സുരക്ഷക്ക് അർഹരായ ചെറുകിട കർഷകരാണ്....! തലചൊറിയാൻ വരെട്ട, ഇത് ആരും പിച്ചുംപേയും പറയുന്നതല്ല. കേന്ദ്രത്തിെൻറ പി.എം കിസാൻ പദ്ധതിയുടെ രേഖകളിലാണ് ഇങ്ങനെയുള്ളത്. ഓരോരുത്തർക്കും യഥാക്രമം 6000, 4000, 2000 രൂപയുടെ ഡയറക്റ്റ് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡിബിടി) തവണകളായി ലഭിച്ചിട്ടുമുണ്ട്. 'ദ ക്വിൻറ്' ആണ് ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്തുവിട്ടത്.
തങ്ങൾക്ക് ന്യായമായി ലഭിക്കേണ്ട വരുമാനം കവരാൻ കുത്തകകളെ അനുവദിക്കുന്ന കാർഷിക നിയമങ്ങൾക്കെതിരെ രാജ്യത്ത് കർഷകർ പ്രക്ഷോഭം നടത്തുന്ന സമയത്താണ് ആൾമാറാട്ടത്തിലൂടെ ഇന്ത്യയിലെ ഏറ്റവും താഴെതട്ടിലുള്ള കർഷകർക്ക് വേണ്ടിയുള്ള ഫണ്ടുകളിലെ ക്രൂരമായ അഴിമതിയുടെ കഥ പുറത്തുവരുന്നത്.
പി.എം കിസാൻ സമ്മാൻ നിധി അല്ലെങ്കിൽ പി.എം കിസാൻ പദ്ധതി കേന്ദ്ര സർക്കാറിന് കീഴിലുള്ളതാണ്. 100 ശതമാനവും സർക്കാർ ഫണ്ട് ചെയ്യുന്നതാണിത്. 2018 ഡിസംബർ ഒന്ന് മുതാലാണ് ഇത് പ്രവർത്തനം ആരംഭിച്ചത്. ഈ പദ്ധതി പ്രകാരം, മൂന്ന് തുല്യ ഗഡുക്കളായി പ്രതിവർഷം 6,000 രൂപ വരെ, രണ്ട് ഹെക്ടർ വരെ ഭൂമി കൈവശമുള്ള / ഉടമസ്ഥാവകാശം ഉള്ള ചെറുകിട കർഷക കുടുംബങ്ങൾക്ക് ലഭിക്കും.
ദ ക്വിൻറ് ശേഖരിച്ച പേയ്മെൻറ് റെക്കോർഡുകൾ അനുസരിച്ച് നേരത്തെ പറഞ്ഞ മൂന്നുപേരുടെയും പൊതുവായി ലഭ്യമായ ആധാർ നമ്പറുകളും ബാങ്ക് അക്കൗണ്ട് നമ്പറുകളും ഫോൺ നമ്പറുകളും ഭൂമിയുമായി ബന്ധപ്പെട്ട രേഖകളും ഉപയോഗിച്ച് പി.എം കിസാൻ പോർട്ടലിൽ സ്കീമിനായി തട്ടിപ്പുകാർ വിജയകരമായി രജിസ്റ്റർ ചെയ്യുകയായിരുന്നു. ഇൗ വിവരങ്ങൾ ഒഫീഷ്യൽ പബ്ലിക് ഫിനാൻഷ്യൽ മാനേജ്മെൻറ് സിസ്റ്റം (PFMS) സോഫ്റ്റ്വെയർ സ്വീകരിക്കുകയും ചെയ്തു. അതിലൂടെ 2000 രൂപയുടെ മൂന്ന് തവണകളായി വർഷം 6000 രൂപ ലഭിക്കുകയും ചെയ്തിട്ടുണ്ട്.
വ്യാജ ആധാർ കാർഡുകൾ ഉണ്ടാക്കാനായി തട്ടിപ്പുകാർ റിതേഷ് ദേശ്മുഖ്, ഹനുമാൻ, മെഹ്ബൂബ് എന്നിവരുടെ ആധാർ നമ്പറുകൾ ഉപയോഗിച്ചു - എല്ലാം പബ്ലിക് ഡൊമൈനിൽ ലഭ്യവുമായിരുന്നു. ആധാർ കാർഡിലുള്ള പേരുമായി പൊരുത്തപ്പെടുന്ന രീതിയിൽ പുതിയ ബാങ്ക് അക്കൗണ്ടുകളും തുറന്നു. 2015ലായിരുന്നു ഹനുമാൻ ദേവെൻറ പേരിൽ സാധുവായ ഒരു ആധാർ നമ്പർ പുറത്തുവരുന്നത്. ചാരപ്രവർത്തനങ്ങളുടെ പേരിൽ ഇന്ത്യയിൽനിന്നും പുറത്താക്കിയ പാകിസ്താൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനായ മെഹബൂബ് അക്തറിെൻറ ആധാർ 2016ൽ മെഹ്ബൂബസ് രാജ്പുത് എന്ന പേരിലും കണ്ടെത്തിയിരുന്നു.
10 കോടിയിലധികം ഗുണഭോക്താക്കൾ പി.എം കിസാൻ പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും തമിഴ്‌നാട്ടിൽ മാത്രം 5.5 ലക്ഷം യോഗ്യതയില്ലാത്ത ഗുണഭോക്താക്കളുണ്ടെന്നും ഡി.ബി.ടി പ്രോഗ്രാമുകൾ നിരീക്ഷിക്കുന്ന വിദഗ്ധർ ദി ക്വിൻറിനോട് പറഞ്ഞു. സർക്കാർ അന്വേഷണത്തിൽ ഇത്തരത്തിൽ ഖജനാവിന് 110 കോടി രൂപയുടെ നഷ്ടമുണ്ടായതായും റിപ്പോർട്ടുണ്ട്. അസമിലും സമാന രീതിയിലുള്ള അഴിമതി ശ്രദ്ധയിൽപെട്ടിട്ടുണ്ട്.
സെപ്റ്റംബർ ഒമ്പതിന് കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമർ ലോക്സഭയിൽ രാജ്യത്തൊട്ടാകെയുള്ള 10.21 കോടി ഗുണഭോക്താക്കൾക്ക് 94,119 കോടി രൂപ പദ്ധതിയിലൂടെ വിതരണം ചെയ്തുവെന്ന് അവകാശപ്പെട്ടിരുന്നു. യോഗ്യതയില്ലാത്ത വ്യക്തികൾ അനായാസം സ്കീമിനായി രജിസ്റ്റർ ചെയ്യുകയും കൂടാതെ പണം സ്വന്തമാക്കുകയും ചെയ്യുന്നത് ആധാർ നമ്പറുകൾ പൊതുവായി ലഭ്യമാകുന്നതിലെ അപകടങ്ങളെ കുറിച്ചും സംസ്ഥാന-കേന്ദ്ര തലങ്ങളിലെ ഗുണഭോക്താക്കളുടെ സ്ഥിരീകരണ സംവിധാനങ്ങളെ കുറിച്ചും കൂടാതെ ബാങ്കുകൾ ചെക്കുകൾ നൽകുന്നതുമായി ബന്ധപ്പെട്ടും ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുകയാണ്.
'നിങ്ങൾക്ക് സാധുവായ ഒരു ആധാർ നമ്പറും ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ഒരു ബാങ്ക് അക്കൗണ്ടും ഉണ്ടോയെന്ന് മാത്രമാണ് സ്കീം പരിശോധിക്കുന്നതെന്നും, അത് മാത്രം മതിയെന്നും' പൊതു വിതരണ പ്രോഗ്രാമുകൾ ട്രാക്കുചെയ്യുന്ന ഒരു വിദഗ്ദ്ധൻ ക്വിൻറിനോട് വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.