‘ഒത്തുകളിച്ച’ ഗവർണർക്കെതിരെ ആർ.ജെ.ഡി കോടതിയിലേക്ക്
text_fieldsന്യൂഡൽഹി: നിറംമാറിയ പുതിയ മന്ത്രിസഭ രായ്ക്കുരാമാനം ബിഹാറിൽ വന്നതിനൊപ്പം, ഇക്കാര്യത്തിൽ ഗവർണർ എടുത്ത തീരുമാനം കോടതി കയറുന്നു. നിതീഷ്കുമാർ രാജിവെച്ചപ്പോൾ ഗവർണർ ഏറ്റവും വലിയ ഒറ്റക്കക്ഷിക്ക് അവസരം നൽകാതിരുന്നതാണ് ചോദ്യം ചെയ്യപ്പെടുന്നത്.
ഒരു സർക്കാർ രാജിവെച്ചാൽ രാഷ്ട്രപതി ഭരണം, ഇടക്കാല തെരഞ്ഞെടുപ്പ് എന്നിവയിലേക്ക് കടക്കുന്നതിനു മുമ്പ് മറ്റൊരു മന്ത്രിസഭ രൂപവത്കരിക്കാനുള്ള സാധ്യത ഗവർണർ തേടുന്നത് കീഴ്വഴക്കമാണ്. ഏറ്റവും വലിയ ഒറ്റക്കക്ഷിക്ക്, അതല്ലെങ്കിൽ ഏറ്റവും വലിയ തെരഞ്ഞെടുപ്പു സഖ്യത്തിന്, അതുമല്ലെങ്കിൽ പുതുതായി രൂപപ്പെടുന്ന സഖ്യത്തിന് മന്ത്രിസഭ രൂപവത്കരിക്കാനാണ് അവസരം നൽകുന്നത്. ഇതിൽ ആർക്ക് ആദ്യ പരിഗണന നൽകണമെന്ന വിവേചനാധികാരം ഗവർണർക്ക് ഉപയോഗിക്കാമെങ്കിലും, അതിന് ന്യായയുക്തതയുടെ പിൻബലം വേണം. എന്നാൽ, കേസരിനാഥ് ത്രിപാഠി നിതീഷിനെ മണിക്കൂറുകളുടെ വ്യത്യാസത്തിൽ സത്യപ്രതിജ്ഞ ചെയ്യിച്ചത് അന്യായമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ബിഹാർ നിയമസഭയിൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ളത് ആർ.ജെ.ഡിക്കാണ്. മന്ത്രിസഭ രൂപവത്കരിക്കാൻ അവസരം നൽകണമെന്ന് പാർട്ടി നേതാവ് തേജസ്വി യാദവ് ഗവർണറെ കണ്ട് ആവശ്യപ്പെട്ടതാണ്. എന്നാൽ, അവർക്ക് അതിനു സാധിക്കില്ലെന്ന് സ്വന്തംനിലക്ക് തീരുമാനത്തിൽ എത്തിച്ചേരുകയാണ് പഴയ ബി.ജെ.പിക്കാരൻ കൂടിയായ ഗവർണർ ചെയ്തത്. നിതീഷിനെ പിന്തുണക്കുന്നതായി ബി.ജെ.പി കത്തു നൽകിയതിനാണ് ഗവർണർ പ്രഥമ പരിഗണന നൽകിയത്. ഒരു മന്ത്രിസഭ രാജിവെച്ച് മണിക്കൂറുകൾക്കുള്ളിൽ ഉണ്ടാക്കിയ സഖ്യത്തിനാണ് ഗവർണർ കൂടുതൽ വിശ്വാസ്യത നൽകിയത്. ആർ.ജെ.ഡിക്ക് മന്ത്രിസഭ ഉണ്ടാക്കാൻ കഴിയില്ലെന്നത് യാഥാർഥ്യമായിരിക്കാം. ബി.ജെ.പി-ജനതാദൾ (യു) സഖ്യത്തിന് കെട്ടുറപ്പുണ്ട് എന്നതും ശരിയാകാം. എന്നാൽ, ഭരണഘടന വ്യവസ്ഥകൾ പാലിക്കാൻ ഗവർണർ നിർബന്ധിതമാണ്.
ജനതാദളിൽതന്നെ ശരദ് യാദവിെൻറ നേതൃത്വത്തിലുള്ള സംഘത്തിന് നിതീഷിെൻറ തീരുമാനത്തോട് യോജിപ്പില്ലെന്ന വാർത്തകൾ ജനതാദളിലെ പിളർപ്പിെൻറ സാധ്യതയിലേക്കുകൂടി വിരൽ ചൂണ്ടുന്നുണ്ട്. ആർ.ജെ.ഡി, കോൺഗ്രസ് സഖ്യത്തെ ശരദ് യാദവ് പക്ഷം പിന്തുണക്കുന്ന സാഹചര്യം ഉരുത്തിരിഞ്ഞെന്നു വരാം. ഇതിന് അവസരം നൽകാത്തവിധം തിരക്കിട്ടു തീരുമാനിക്കുകയാണ് ഗവർണർ ചെയ്തത്്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ആർ.ജെ.ഡി കോടതി കയറാൻ ഒരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.