ലാലുവിന് ചികിത്സക്ക് വിമാനം നിഷേധിച്ചതിൽ വിവാദം
text_fieldsന്യൂഡൽഹി: കാലിത്തീറ്റ കുംഭകോണക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ലാലുപ്രസാദ് യാദവിനെ ഡൽഹിയിൽ വിദഗ്ധചികിത്സക്ക് കൊണ്ടുപോകാൻ ഝാർഖണ്ഡിലെ ബി.ജെ.പി സർക്കാർ വിമാനയാത്ര നിഷേധിച്ചത് രാഷ്ട്രീയ വിവാദത്തിലേക്ക്.
റാഞ്ചിയിലെ ജയിലിൽ കഴിയുന്ന ലാലുവിന് വിദഗ്ധ ചികിത്സ നൽകണമെന്ന മെഡിക്കൽ ബോർഡിെൻറ ശുപാർശ ആദ്യം അവഗണിച്ച സംസ്ഥാന സർക്കാർ, ബോർഡ് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും വഴങ്ങിയില്ല. ഒടുവിൽ സി.ബി.െഎ പ്രത്യേക കോടതിയാണ് എയിംസിൽ ചികിത്സ അനുവദിച്ച് ഉത്തരവിട്ടത്. എന്നാൽ, വിമാനയാത്ര അനുവദിക്കാൻ ഝാർഖണ്ഡ് സർക്കാർ തയാറായില്ല.
യാത്രച്ചെലവ് സ്വയം വഹിക്കാമെന്ന് ലാലുവിെൻറ കുടുംബം അറിയിച്ചെങ്കിലും സർക്കാർ കനിഞ്ഞില്ല. തുടർന്ന് 16 മണിക്കൂർ ട്രെയിനിൽ യാത്രചെയ്താണ് ലാലു കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയത്. മുമ്പ് ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായ ലാലുവിന് മറ്റു പല അസുഖങ്ങളും ബാധിച്ചിരുന്നു. ഇത് റാഞ്ചിയിൽ ചികിത്സിച്ചുവെങ്കിലും ഭേദമാകാതിരുന്നതിനാലാണ് വിദഗ്ധ ചികിത്സക്ക് അപേക്ഷ നൽകിയത്.
ലാലുവിനോട് ബി.ജെ.പി സർക്കാർ പകപോക്കുകയാണെന്ന് ആർ.ജെ.ഡി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് ആരോപിച്ചിരുന്നു. ലാലുവിന് എതിരെ കേസ് നൽകിയ ഝാർഖണ്ഡ് മന്ത്രി സരയൂ റോയും സ്വന്തം സർക്കാറിനെതിരെ രംഗത്തുവന്നു. സർക്കാർ തീരുമാനത്തെ അപക്വം എന്നാണ് മന്ത്രി വിശേഷിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.